ലണ്ടന്‍: ആധുനിക ലോകത്ത് ഏറ്റവും പ്രശസ്തിയാര്‍ജിച്ച ബ്രിട്ടീഷ് രാജകുടുംബാംഗമായിരുന്നിട്ടും കൊട്ടാരം വിട്ടിറങ്ങേണ്ടിവന്ന ഡയാന രാജകുമാരിയുടെ വിയോഗത്തിന് 25 വര്‍ഷം പൂര്‍ത്തിയായി.
പാരിസ് ടണലിലെ കാറപകടത്തിലായിരുന്നു ഡയാനയുടെ മരണം. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം ദോദി അല്‍ ഫയാദുമായി പ്രണയത്തിലായിരുന്ന കാലത്താണ് 36ാം വയസ്സിലെ ദാരുണാന്ത്യം.
ഹൃദ്യവും കുലീനവുമായ പെരുമാറ്റം കൊണ്ടും ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ആഗോള സെലിബ്രിറ്റിയായിരുന്നു ഡയാന. സ്വകാര്യജീവിതത്തിലെ വിവാദങ്ങള്‍മൂലം എപ്പോഴും ക്യാമറകളുടെ ചാരക്കണ്‍വെട്ടത്തിലായിരുന്നു. 1997 ഓഗസ്ററ് 31നു പാരിസിലെ കാര്‍ യാത്രയിലും ശല്യമുണ്ടായപ്പോള്‍ വാഹനത്തിന്റെ വേഗം കൂട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്. അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള സ്വാതന്ത്ര്യജ്വാല സ്മാരകം തിരക്കേറിയ ടൂറിസ്ററ് കേന്ദ്രമാണിപ്പോള്‍.