ലണ്ടന്‍ഡെറി: നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ലണ്ടന്‍ ഡെറിയില്‍ ഇനാഫ് തടാകത്തില്‍ പെട്ട് മരണമടഞ്ഞ മലയാളി വിദ്യാര്‍ത്ഥികളുടെ സംസ്‌കാരം വെള്ളിയാഴ്ച നടത്തപ്പെടും.
ഇന്ന് (31.08.2022) ബുധന്‍ ഉച്ചകഴിഞ്ഞു 2 മണി മുതല്‍ 7 മണി വരെയും, വ്യാഴം (01.09.2022) 2 മണി മുതല്‍ രാത്രി 7 മണി വരെയും സെന്റ് കൊളമ്പ’സ് ദേവാലയത്തില്‍ ഭൗതീക ദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുള്ള സൗകര്യം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട് .തുടര്‍ന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകുന്നതാണ്.
വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടര്‍ന്ന് 11 മണിക്ക് St. Mary’s Church, 49 Ardmore Road, Derry, BT47 3QP യില്‍ സംസ്‌കാര ശുശ്രൂഷകള്‍ വിശുദ്ധ കുര്‍ബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയില്‍ എത്തി ശുശ്രൂഷാ കര്‍മങ്ങള്‍ പൂര്‍ത്തിയാകും
മാറുന്നില്ല സങ്കടം, മാറുകയുമില്ല,മറക്കുകയുമില്ല
അപ്രതീക്ഷിതമായി കടന്നുവന്ന ദുരന്തം അയര്‍ലണ്ടിലെ മലയാളി സമൂഹത്തെയൊന്നാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. മനസില്‍ നിറയുന്ന സംങ്കടത്തില്‍ ഓണാഘോഷത്തിന്റെ പ്രഭപോലും മങ്ങുകയാണിവിടെ.ലണ്ടന്‍ ഡെറിയുടെ മാത്രമല്ല, അയര്‍ലണ്ടിന്റെയാകെ ദുഃഖമായി മാറി ജോപ്പുവും,റുവാനും.
എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു – വിജി ദമ്പതികളുടെ മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍,കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകന്‍ റുവാന്‍ എന്നിവരാണ് മരിച്ചത്. 16 വയസ് പ്രായമുള്ള ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളേജ് വിദ്യാര്‍ത്ഥികളായിരുന്നു.
സ്ട്രാത്ത്ഫോയിലിലെ ഇനാഫ് തടാകത്തിലാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഐറിഷ് മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്. കൂട്ടുകാരോടൊപ്പം സൈക്കിള്‍ സവാരിയ്ക്ക് പോയ കുട്ടികള്‍ തടാകക്കരയില്‍ എത്തുകയായിരുന്നു.അപ്രതീക്ഷിതമായി തടാകത്തില്‍ വീണ റുവാനെ രക്ഷിക്കാന്‍ ചാടിയ ജോപ്പുവും അപകടത്തില്‍ പെടുകയായിരുന്നു.ഇവരോടൊപ്പം വെള്ളത്തിലേയ്ക്ക് ചാടിയ മറ്റൊരു കുട്ടിയെ രക്ഷപെടുത്താന്‍ സുഹൃത്തുകള്‍ക്കും രക്ഷാ പ്രവര്‍ത്തകര്‍ക്കുമായി.
കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്ന് ഐറിഷ് പ്രധാനമന്ത്രിയും
മരണമടഞ്ഞ കുട്ടികളുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന സങ്കല്‍പ്പിക്കാനാവാത്ത ദുഃഖത്തിനൊപ്പം തങ്ങളുടെ ഹൃദയം ചേര്‍ക്കുന്നതായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. മോണഗാനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് മലയാളി സമൂഹത്തിന്റെ വലിയ ദുഃഖത്തില്‍ പങ്കുചേരുന്നതായി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞത്. ജലസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ അത് ഇത്തരം ദുരന്തത്തില്‍ അവസാനിക്കുന്നത് ദു:ഖകരമാണെന്നും അദ്ദേഹം പറഞ്ഞു.
ആദരപ്പൂക്കള്‍ അര്‍പ്പിക്കാന്‍ നാട്ടുകാരും.
കുട്ടികളുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഒട്ടേറെ നാട്ടുകാര്‍ തടാകക്കരയില്‍ എത്തിയിരുന്നു. തടാകത്തിന് സമീപമുള്ള ജെട്ടിയില്‍ പുഷ്പഹാരങ്ങള്‍ അര്‍പ്പിച്ചു അവര്‍ നിശ്ശബ്ദരായി മടങ്ങി.കുട്ടികള്‍ ഓടിച്ചിരുന്ന സൈക്കിളുകള്‍ ലോഫിന് അരികില്‍ പോലീസ് തീര്‍ത്ത ചെറിയ ബാരിക്കേഡില്‍ സൂക്ഷിക്കപ്പെട്ടിരുന്നു.
വിശ്വസിക്കാനാവാതെ ,സഹപാഠികളും അധ്യാപകരും
റുവാനും ,ജോപ്പുവും പഠിക്കുന്ന സെന്റ് കൊളംബ്‌സ് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും,അവരുടെ അധ്യാപകരും അതീവ സങ്കടത്തിലാണ്.
‘ഇത് മുഴുവന്‍ സെന്റ് കൊളംബ്‌സ് കുടുംബത്തിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ് ,ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ തകര്‍ന്നിരിക്കുകയാണ്.
പ്രിന്‍സിപ്പല്‍ ഫിന്‍ബാര്‍ മാഡന്‍ പറഞ്ഞു.
”
ഒരു സ്‌കൂള്‍ സമൂഹമെന്ന നിലയില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന നഷ്ടം വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല, എന്നാല്‍ ഒന്നാമതായി ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ജോസഫിന്റെയും റുവന്റെയും കുടുംബങ്ങള്‍ക്കും സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ്,” അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.