ഡബ്ലിന്‍: ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് ഇലക്ട്രിക് അയര്‍ലണ്ട് ഗ്യാസിന്റെയും വൈദ്യുതിയുടെയും വില കുത്തനെ വര്‍ധിപ്പിക്കുന്നു. രണ്ടരലക്ഷത്തോളം കുടുംബങ്ങളെ ബാധിക്കുന്നതാണ് ഈ തീരുമാനം.ഏതാണ്ട് 1.1 മില്യണ്‍ വൈദ്യുതി ഉപഭോക്താക്കളും 1,50,000 ഗ്യാസ് കസ്റ്റമേഴ്സുമാണ് കമ്പനിക്കുള്ളത്. ഇതോടെ അയര്‍ലണ്ടിലെ എല്ലാ ഏജന്‍സികളും ഗ്യാസ് , വൈദ്യുതി നിരക്കുകള്‍ ഉയര്‍ത്തിക്കഴിഞ്ഞു. എല്ലാ വര്‍ധനവുകളും പ്രാബല്യത്തിലെത്തുന്നത് ഒക്ടോബറിലാണ്.അതിനാല്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അടുത്തമാസം കരിപുരണ്ടതാകുമെന്നാണ് കരുതുന്നത്.
ഓഗസ്റ്റിലെ വര്‍ധനവിന്റെ ആഘാതം പേറുന്നതിനിടെയാണ് ഒക്ടോബര്‍ ഒന്നു മുതല്‍ ഇലക്ട്രിക് അയര്‍ലണ്ട് റസിഡന്‍ഷ്യല്‍ ഇലക്ട്രിസിറ്റിയുടെയും ഗ്യാസിന്റെയും നിരക്കുകള്‍ കൂട്ടുന്നത്.അടുത്ത മാസം മുതല്‍ വൈദ്യുതി വില 26.7 ശതമാനവും ഗ്യാസ് ബില്‍ 37.5 ശതമാനവുമാണ് കൂട്ടുകയെന്ന് കമ്പനി അറിയിച്ചു.ഇതനുസരിച്ച് ശരാശരി വൈദ്യുതി ബില്ലില്‍ 37.20യൂറോയും റസിഡന്‍ഷ്യല്‍ ഗ്യാസ് ബില്ലില്‍ പ്രതിമാസം 42.99യൂറോയും കൂടുതലായി നല്‍കേണ്ടി വരിക.ഓഗസ്റ്റില്‍, ഗ്യാസ് വില 29.2%വും വൈദ്യുതി നിരക്ക് 10.9%വുമായിരുന്നു കമ്പനി കൂട്ടിയത്.മേയ് മാസത്തിലും ഗ്യാസ്, വൈദ്യുതി നിരക്കുകള്‍ 25% ഉയര്‍ത്തിയിരുന്നു. 2021ല്‍ രണ്ടുതവണയും വില കൂട്ടിയിരുന്നു.ആഗോള ഊര്‍ജ്ജ വിപണിയിലെ മുമ്പൊരുകാലത്തുമില്ലാത്ത നിരക്ക് വര്‍ധന ഹോള്‍സെയില്‍ ഗ്യാസിന്റെ വിലയെ ബാധിക്കുന്നതാണ് വില വര്‍ധനവിന് കാരണമെന്ന് ഇലക്ട്രിക് അയര്‍ലന്‍ഡ് പറഞ്ഞു.
ഊര്‍ജ്ജ ദാതാക്കളായ പ്രീപേ പവറും ഗ്യാസ്, വൈദ്യുതി വില ഒക്ടോബര്‍ 1 മുതല്‍ വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.വൈദ്യുതി നിരക്ക് 19%വും ഗ്യാസ് വില 29%വുമാണ് കൂട്ടുന്നത്. എസ് എസ് ഇ എയര്‍ട്രിസിറ്റിയും വൈദ്യുതി,ഗ്യാസ് വിലകള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ കൂട്ടുകയാണ്.വൈദ്യുതി നിരക്ക് 35%വും ഗ്യാസ് വില 39%വുമാണ് കൂട്ടുന്നത്.
ഉപഭോക്താക്കള്‍ക്ക് വളരെ വെല്ലുവിളി നിറഞ്ഞ സമയമാണിതെന്ന് ഇലക്ട്രിക് അയര്‍ലണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പാറ്റ് ഫെന്‍ലോണ്‍ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ 700%ത്തില്‍ കൂടുതല്‍ വര്‍ധനവാണ് ഗ്യാസ് വിലയിലുണ്ടായത്.ബില്ലുകള്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ക്കായി പ്രത്യേക പേയ്‌മെന്റ് പ്ലാനുകള്‍ അനുവദിക്കുമെന്ന് ഇദ്ദേഹം പറഞ്ഞു.കമ്പനിയ്ക്ക് മൂന്ന് മില്യണ്‍ യൂറോയുടെ ഹാര്‍ഡ്ഷിപ്പ് ഫണ്ട് ലഭ്യമാണെന്നും ഫെന്‍ലോണ്‍ പറഞ്ഞു.ഈ വില വര്‍ധനയില്‍ വലയുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ബജറ്റ് നടപടികളുണ്ടാകുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.