ഡബ്ലിന്‍: വിലക്കയറ്റവും പണപ്പെരുപ്പവും ഗ്യാസ് ,വൈദ്യുതി നിരക്ക് വര്‍ധനവും മൂലം രാജ്യത്തെ പകുതിയിലധികം കുടുംബങ്ങളുടെയും ജീവിതത്തിന് ‘വിലയേറും’. ഈ കുടുംബങ്ങളുടെ ജീവിതച്ചെലവ് ശരാശരി 1,000 യൂറോയിലെറെ വര്‍ധിക്കുമെന്നാണ് അമരാക് റിസര്‍ച്ച് സര്‍വേയുടെ വെളിപ്പെടുത്തല്‍.രാജ്യത്തുടനീളമുള്ള 1,500ലധികം ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയാണ് ജീവിതച്ചെലവിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന സ്ഥിതി പുറത്തുകൊണ്ടുവന്നത്.
/sathyam/media/post_attachments/NpHoM0Do3YWeaydbE5Ve.jpg)
നിലവിലെ സാഹചര്യത്തില്‍ വീട്ടുചെലവുകള്‍ താങ്ങാനാവുന്നതല്ലെന്ന് 54% ആളുകളും പറഞ്ഞു. ഇവരില്‍ 61% സ്ത്രീകളാണെന്നത് വീട്ടമ്മമാരുടെ ആകുലതകള്‍ വ്യക്തമാക്കുന്നതാണ്. 46% പുരുഷന്മാരും കുടുംബച്ചെലവുകളോര്‍ത്ത് ‘കണ്ണു തള്ളി’യിരിക്കുന്നവരാണെന്നും സര്‍വ്വേ പറയുന്നു.എന്നാല്‍ 39% പേര്‍ വര്‍ധന പ്രശ്നമില്ലാത്തവരാണ്.
രാജ്യത്തെ 89%പേര്‍ക്കും ഊര്‍ജ്ജ ബില്ലുകള്‍ തിരിച്ചടിയാണെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു.പലചരക്ക് സാധനങ്ങള്‍ (70%), പെട്രോള്‍, ഡീസല്‍ (70%), വാടക, മോര്‍ട്ട്ഗേജ് (37%) എന്നിവയൊക്കെയാണ് ആളുകളുടെ ഉത്കണ്ഠയ്ക്ക് കാരണമാകുന്നത്.ഊര്‍ജ്ജ ബില്ലുകള്‍ വീണ്ടും ഉയര്‍ന്നാല്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് മൂന്നില്‍ രണ്ട് ആളുകളും പറയുന്നു.ഇലക്ട്രിക് അയര്‍ലണ്ട്് വിലവര്‍ദ്ധന പ്രഖ്യാപിക്കുന്നതിന് മുമ്പ് ചൊവ്വാഴ്ചയാണ് അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. അഞ്ച് മാസത്തിനുള്ളില്‍ മൂന്നാമത്തെ വിലക്കയറ്റമാണ് ഇന്നലെ കമ്പനി പ്രഖ്യാപിച്ചത്.മുപ്പത് ശതമാനത്തോളമാണ് പുതിയ നീക്കത്തിലൂടെ കമ്പനി വര്‍ദ്ധിപ്പിച്ചത്.
ഡബ്ലിനിലുള്ളവരെ കാര്യമായി ഈ ജീവിതച്ചെലവുകള്‍ ബാധിച്ചിട്ടില്ലെന്ന് സര്‍വ്വേ പറയുന്നു. ഇവരില്‍ 46% പേര്‍ക്കും അത് താങ്ങാന്‍ കഴിയുന്നതാണത്രേ !.തലസ്ഥാനത്തിന് പുറത്തുള്ളവരില്‍ 31%പേരും ഈ വര്‍ധിച്ച ചെലവുകള്‍ കാര്യമാക്കുന്നില്ല.സാധാരണക്കാരായ ജനങ്ങളാണ് ദുരിതത്തിലേക്ക് നീങ്ങുന്നത്.