ലണ്ടന്‍: കനേഡിയന്‍ ഇന്റലിജന്‍സിനായും ഐ.എസിനായും ഇരട്ട ഏജന്റായി പ്രവര്‍ത്തിച്ച മുഹമ്മദ് അല്‍ റാഷിദ് എന്നയാളാണ് ബ്രിട്ടീഷുകാരി ഷമീമ ബീഗത്തെയും രണ്ട് സുഹൃത്തുക്കളെയും ഇസ്ലാമിക് സ്റേററ്റ് (ഐ.എസ്) ഭീകര സംഘടനക്കുവേണ്ടി സിറിയയിലേക്ക് റിക്രൂട്ട് ചെയ്തതെന്നു സൂചന.
'ജിഹാദി വധു' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഷമീമയെക്കുറിച്ച് ദി സണ്‍ഡേ ടൈംസിന്റെ മുന്‍ സുരക്ഷാ ലേഖകന്‍ റിച്ചാര്‍ഡ് കെര്‍ബജാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഐ.എസ് എന്ന ഭീകര സംഘടന പാശ്ചാത്യ രാജ്യങ്ങളുടെ സൃഷ്ടിയാണെന്ന ആരോപണങ്ങളിലേക്ക് നയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലെന്ന വാദമുയര്‍ന്നിട്ടുണ്ട്.
ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വിസിന്റെ (സി.എസ്.ഐ.എസ്) പങ്ക് മറച്ചുവെക്കാന്‍ യു.കെ പിന്നീട് കാനഡയുമായി ഗൂഢാലോചന നടത്തിയെന്നും പുസ്തകത്തില്‍ പറയുന്നു. ലോക നേതാക്കളുമായും നൂറിലധികം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായും നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കി രചിച്ച കെര്‍ബജിന്റെ പുസ്തകം ബുധനാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
2015ല്‍ തുര്‍ക്കി റാഷിദിനെ അറസ്ററ് ചെയ്ത ശേഷം തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെട്ടപ്പോള്‍ മാത്രമാണ് കാനഡ തങ്ങളുടെ പങ്കാളിത്തം സ്വകാര്യമായി സമ്മതിച്ചത്. തുടര്‍ന്ന് അത് മറച്ചുവെക്കാന്‍ ബ്രിട്ടീഷ് അധികൃതരുമായി ഗൂഢാലോചന നടത്തിയതായും പുസ്തകം ആരോപിക്കുന്നു. ബ്രിട്ടീഷ് മെട്രോപൊളിറ്റന്‍ പൊലീസ് സര്‍വിസ് മൂവര്‍ക്കും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ തിരച്ചില്‍ നടത്തുമ്പോള്‍ കാനഡ നിശബ്ദത പാലിച്ചെന്നും ഇതില്‍ പറയുന്നു.
കൗമാരക്കാരെ കടത്തിയ കാര്യം കാനഡക്ക് അറിയാമായിരുന്നെന്ന് വെളിപ്പെട്ടതിനാല്‍ അന്വേഷണത്തിന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ഐ.എസ് ഭീകരനെ വിവാഹം കഴിക്കാന്‍ നാടുവിട്ടെന്നായിരുന്നു ഷമീമക്കെതിരെ ഉയര്‍ന്ന ആരോപണം. ഇതോടെയാണ് 'ജിഹാദി വധു' എന്ന വിശേഷണവും വന്നത്. പുസ്തകം പുറത്തുവന്നതോടെ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം 2019ല്‍ എടുത്തുകളഞ്ഞ നടപടിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ബ്രിട്ടനിലേക്ക് മടങ്ങുന്നതില്‍നിന്ന് അവളെ വിലക്കാനുള്ള തീരുമാനം ശരിവെച്ച കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതി വിധിയില്‍, അവളെ എങ്ങനെയാണ് സിറിയയിലേക്ക് കടത്തിയതെന്ന് ബ്രിട്ടീഷ് അധികാരികള്‍ക്ക് അറിയാമായിരുന്നതായി പറഞ്ഞിരുന്നില്ല.