മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ലുക്കോയിലിന്റെ ചെയര്‍മാന്‍ റവില്‍ മഗനോവ് ആശുപത്രി ജനാലയില്‍ നിന്നു വീണു മരിച്ച നിലയില്‍. 67 വയസായിരുന്നു അദ്ദേഹത്തിന്.
/sathyam/media/post_attachments/q2e0Ao8dylf9VLjRC4hn.jpg)
യുക്രെയ്നില്‍ റഷ്യ സൈനികമായി ഇടപെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ എണ്ണക്കമ്പനി ഉന്നതരുടെ ദുരൂഹ മരണങ്ങള്‍ വര്‍ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കിടെ പത്തോളം പേര്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു. യുക്രെയ്നില്‍ നിന്ന് റഷ്യ പിന്മാറണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ലുക്കോയില്‍ ആവശ്യപ്പെട്ടിരുന്നു.
ഗുരുതരരോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മരണമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 1993 ല്‍ ലുക്കോയിലില്‍ സേവനം ആരംഭിച്ച മഗനോവ് 2020 ല്‍ ചെയര്‍മാനായി. സഹോദരന്‍ നെയ്ല്‍ മറ്റൊരു എണ്ണക്കമ്പനിയായ ടാറ്റ്നെഫ്റ്റിന്റെ തലവനാണ്.
ഫെബ്രുവരിയില്‍ റഷ്യന്‍ സൈന്യം യുക്രെയ്നില്‍ ആക്രമണം ആരംഭിച്ചതിന്റെ പിറ്റേന്ന് ഗാസ്പ്രോം എക്സിക്യൂട്ടീവ് അലക്സാണ്ടര്‍ ട്യുലക്കോവ് സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഗാരിഷില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. നൊവാടെക്കിന്റെ മുന്‍ ഉന്നതന്‍ സെര്‍ജി പ്രോട്ടോസെന്യയും ഭാര്യയും മകളും ഏപ്രിലില്‍ സ്പെയിനിലെ വില്ലയില്‍ മരിച്ചു. ലുക്കോയില്‍ മാനേജര്‍ അലക്സാണ്ടര്‍ സുബോട്ടിന്‍ മോസ്കോയിലെ വീടിന്റെ ബേസ്മെന്റില്‍ മരിച്ചുകിടക്കുന്നതായി കണ്ടത് മേയിലാണ്. ആ മാസം തന്നെ ഗാസ്പ്രോംബാങ്ക് മുന്‍ വൈസ് പ്രസിഡന്റ് വ്ലഡിസ്ളാവ് അവയേവ് വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടു.