ഡബ്ലിന്‍: പണപ്പെരുപ്പം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിന്റെ പ്രതിഫലനങ്ങള്‍ സാമൂഹിക ജീവിതത്തില്‍ കണ്ടുതുടങ്ങി. പലിശ നിരക്കുയര്‍ത്തിയതോടെ വൈദ്യുതി, ഡീസല്‍, പച്ചക്കറികള്‍, ഇന്റര്‍നെറ്റ്, ഹോട്ടല്‍, വിമാന നിരക്കുകളിലെല്ലാം വര്‍ധനവുണ്ടാകും. ഉക്രൈന്‍ യുദ്ധവും ചൈനയിലെ ലോക്ക്ഡൗണും ഊര്‍ജ്ജ വിതരണം നേരിടുന്ന പ്രതിസന്ധിയുമെല്ലാം വിലക്കയറ്റത്തെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.
പണപ്പെരുപ്പം സമ്പദ്വ്യവസ്ഥയെ തളര്‍ത്തുന്നതും തൊഴിലില്ലായ്മയെ വര്‍ധിപ്പിക്കുന്നതുമാണ്. അതിനാല്‍ പണപ്പെരുപ്പം കുതിച്ചുയരുന്നത് സെന്‍ട്രല്‍ ബാങ്കിനെയും ഉപഭോക്താക്കളെയും ബിസിനസ്സുകളെയും മാത്രമല്ല ഗവണ്‍മെന്റുകളെയും പ്രതിസന്ധിയിലാക്കുന്നതാണ്. അതിനാലാണ് സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്കുയര്‍ത്തിയത്.
സെന്‍ട്രല്‍ ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് പണം കടം കൊടുക്കുന്നു. വാണിജ്യ ബാങ്കുകള്‍ വീട്ടുകാര്‍ക്കും ബിസിനസ്സുകള്‍ക്കും പണം നല്‍കുന്നു. ഇതിനെല്ലാം പലിശ നല്‍കേണ്ടതുണ്ട്. ഈ നിരക്കുകളെല്ലാം ആശ്രയിച്ചിരിക്കുന്നത് സെന്‍ട്രല്‍ ബാങ്കിന്റെ പലിശ നിരക്കിനെയാണ്. ഇവര്‍ പലിശ ഉയര്‍ത്തിയാല്‍ മറ്റ് വാണിജ്യ ബാങ്കുകള്‍ നല്‍കുന്ന വായ്പകളുടെ പലിശയും ഉയരും.
പേഴ്‌സണല്‍ ലോണുകള്‍, കാര്‍ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, മോര്‍ട്ട്‌ഗേജുകളെയും ഇത് കൂടുതല്‍ ചെലവേറിയതാക്കും. ഇതോടെ ആളുകള്‍ അവയെടുക്കുന്നതിന് മടിക്കുന്നു. മാത്രമല്ല ഇവ നല്‍കുന്ന കമ്പനികളും വായ്പ നല്‍കുന്നതിനെക്കുറിച്ച് രണ്ട് തവണ ചിന്തിക്കുന്നു.
സ്വീഡന്‍, നോര്‍വേ, കാനഡ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ സെന്‍ട്രല്‍ ബാങ്കുകളും പലിശ നിരക്കുകളുയര്‍ത്തിയിരുന്നു. യു എസിലെ ഫെഡറല്‍ റിസര്‍വ് രണ്ട് തവണയാണ് നിരക്കുകള്‍ 0.75 ശതമാനം വര്‍ധിപ്പിച്ചത്. 1994ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നു ഇത്.
നോട്ടുകളും നാണയങ്ങളും വിതരണം ചെയ്യാനും വിദേശ കരുതല്‍ ശേഖരം നിയന്ത്രിക്കാനും അടിയന്തര വായ്പകള്‍ അനുവദിക്കാനും സാമ്പത്തിക വ്യവസ്ഥയുടെ ആരോഗ്യം ഉറപ്പാക്കാനും പ്രത്യേക അധികാരം സെന്‍ട്രല്‍ ബാങ്കുകള്‍ക്കുണ്ട്. വില സ്ഥിരത ഉറപ്പാക്കുക എന്നതാണ് സെന്‍ട്രല്‍ ബാങ്കിന്റെ പ്രധാന ദൗത്യം. അതിനാല്‍ പണപ്പെരുപ്പം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.