ഡബ്ലിന്‍: വാടക ചെലവല്ലെന്ന വിചിത്ര വാദവുമായി റവന്യു. കോവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്ത ജീവനക്കാരന്റെ വരുമാന നികുതി റിട്ടേണ്‍ ഫയലാണ് വാടക ഒരു ചെലവല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയത്.കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ജീവനക്കാരന്‍ വരുമാന നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തത്.
/sathyam/media/post_attachments/0PniL5Y1cek0WxRWXI2R.jpg)
കോവിഡിന്റെ തുടക്കത്തില്‍ 2020 മാര്‍ച്ചിനും ഡിസംബറിനും ഇടയില്‍ ഇദ്ദേഹം വീട്ടിലിരുന്നാണ് ജോലി ചെയ്തത്. തന്റെ പങ്കാളിയോടൊപ്പം ഡബ്ലിനിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. പ്രതിമാസം 1,800യൂറോയാണ് വാടക നല്‍കുന്നത്. ഇത് ദമ്പതികള്‍ തുല്യമായി വീതിയ്ക്കുകയാണ് ചെയ്തിരുന്നത്.ഇതില്‍ നിന്നും വാടകച്ചെലവായി 587 യൂറോയാണ് ഇദ്ദേഹം ക്ലയിം ചെയ്തത്.
ഇദ്ദേഹത്തിന്റെ സ്ഥാപനം അതിന്റെ ഓഫീസുകള്‍ 2020 മാര്‍ച്ചില്‍ അടച്ചു. തുടര്‍ന്നാണ് അപ്പാര്‍ട്ട്മെന്റിലെ സ്പെയര്‍ ബെഡ്‌റൂമിന്റെ ഒരു ഭാഗം ഹോം ഓഫീസാക്കി മാറ്റിയത്.ജോലി ചെയ്യുന്നതിന് ആവശ്യമായി വന്നതാണ് ഈ ചെലവ് എന്നതിനാല്‍ 587 യൂറോ വരുമാനത്തില്‍ നിന്നും കുറയ്ക്കണമെന്ന ആവശ്യമാണ് ഇദ്ദേഹം ഉന്നയിച്ചത്.
എന്നാല്‍ റവന്യു ഇത് അംഗീകരിച്ചില്ല. വാടകയെ ഇ വര്‍ക്കിംഗിന്റെ ഭാഗമായി കാണാനാകില്ലെന്ന് റവന്യു അറിയിച്ചു.വൈദ്യുതി, ഹീറ്റിംഗ് ,ബ്രോഡ്ബാന്‍ഡ് എന്നിവയെ മാത്രമേ ചെലവായി അംഗീകരിച്ചിട്ടുള്ളെന്നും റവന്യു പറഞ്ഞു.റിമോട്ട് വര്‍ക്ക് ചെയ്താലും ഇല്ലെങ്കിലും താമസിക്കാന്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുക്കേണ്ടതുണ്ടെന്നും റവന്യൂ വാദിച്ചു.തുടര്‍ന്ന് ജീവനക്കാരന്റെ ക്ലയിം റവന്യു തള്ളി.2021 ജനുവരി 28ന് ഒരു ലയബിലിറ്റി സ്റ്റേറ്റ്മെന്റും റവന്യു പുറപ്പെടുവിച്ചു.ഇതിനെതിരെ ജീവനക്കാരന്‍ ടാക്സ് അപ്പീല്‍ കമ്മീഷനില്‍ അപ്പീല്‍ നല്‍കി.എന്നാല്‍ കമ്മീഷനും ജീവനക്കാരന്റെ വാദം അംഗീകരിച്ചില്ല. റവന്യുവിന്റെ നിലപാട് ശരിയാണെന്നായിരുന്നു കമ്മീഷന്റെയും തീര്‍പ്പ്.