ഫിലഡല്‍ഫിയ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനിലേക്ക് എട്ടുനോമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ആണ്ടുതോറും നടത്തിവരുന്ന പ്രാര്‍ത്ഥനാപൂര്‍ണമായ മരിയന്‍തീര്‍ത്ഥാടനവും വേളാങ്കണ്ണിമാതാവിന്റെ തിരുനാളും 2022 സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച ആഘോഷിക്കും. ജര്‍മ്മന്‍ടൗണിന് തിലകമായി നിലകൊള്ളുന്ന മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ തുടര്‍ച്ചയായി ഇതു പതിനൊന്നാം വര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്.
സെപ്റ്റംബര്‍ 10 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഫാ. ടിം ലയോണ്‍സ്, സീറോ മലബാര്‍പള്ളി വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു.
കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ അന്നത്തെ സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. കാള്‍ പീബര്‍, 2012 ല്‍ ഫിലാഡല്‍ഫിയാ സീറോ മലബാര്‍പള്ളി വികാരിയായിരുന്ന റവ. ഫാ. ജോണ്‍ മേലേപ്പുറം എന്നിവരുടെ നേതൃത്വത്തിലും, കാര്‍മ്മികത്വത്തിലും ആയിരക്കണക്കിന് മരിയഭക്തരെ സാക്ഷിനിര്‍ത്തി
ആശീര്‍വദിച്ചു പ്രതിഷ്ഠിച്ചത്.
എല്ലാ തിങ്കളാഴ്ച്ച ദിവസങ്ങളിലും ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ വിവിധ സമയങ്ങളില്‍ നടക്കുന്ന വി. കുര്‍ബാനയിലും, നൊവേനയിലും മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് മരിയഭക്തര്‍ പങ്കെടുക്കാറുണ്ട്.
മുന്‍ വര്‍ഷങ്ങളിലെ തിരുനാളുകള്‍ക്ക് ഭാരത ക്രൈസ്തവരെ പ്രതിനിധീകരിച്ച് തമിഴരും, തെലുങ്കരും, കന്നടക്കാരും, മലയാളികളും കൂടാതെ ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ നൂറുകണക്കിന് ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു. ഉള്ളവരും, ഇല്ലാത്തവരും, സാധുഹൃദയരും, ദീനരും, അശരണരും, തെറ്റുകുറ്റക്കാരും, രോഗശാന്തി ആഗ്രഹിക്കുന്നവരും, പശ്ചാത്തപിക്കുന്നവരും, അന്യായപലിശക്കാരും, അവസരവാദികളും ഒരേപോലെ പൊറുതി യാചിച്ചഭയം തേടിയെത്തുന്നത് മാതൃസന്നിധിയിലാണല്ലോ