താലയില്‍ കൊല്ലപ്പെട്ടത് കൗമാരക്കാരിയും ഇരട്ട സഹോദരങ്ങളും… അമ്മയ്ക്കും സഹോദരനും പരിക്ക്

author-image
athira kk
Updated On
New Update

ഡബ്ലിന്‍: ഡബ്ലിനിലെ താലയിലെ ഒരു വീട്ടിലുണ്ടായ കത്തിക്കുത്തിലും അക്രമത്തിലും മൂന്നു സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. ഇവരുടെ സഹോദരനും അമ്മയ്ക്കും പരിക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് 20കാരനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാള്‍ താലാ സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. താലയിലെ റോസ്ഫീല്‍ഡ് എസ്റ്റേറ്റിലെ വീട്ടിലാണ് അക്രമം നടന്നത്.

Advertisment

publive-image

ലിസ കാഷ് (18), എട്ട് വയസ്സുള്ള ഇരട്ടക്കുട്ടികളായ ക്രിസ്റ്റി, ചെല്‍സിയ കാവ്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.

ഇവരുടെ അമ്മയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം,സഹോദരന് സാരമായ മുറിവുകളുണ്ട്. ഇയാള്‍ താല യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. എന്നിരുന്നാലും ഇയാളുടെ ജീവന് ഭീഷണിയില്ലെന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കി. നാല്‍പ്പതു വയസ്സുകാരിയായ അമ്മ ആശുപത്രി വിട്ടു. ഇവര്‍ ബന്ധുക്കള്‍ക്കൊപ്പമാണ്.

അക്രമസംഭവത്തെ തുടര്‍ന്ന് ഈ പ്രദേശവും നാട്ടുകാരുമാകെ ഭീതിയിലാണ്. ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്നും ഇനിയും ആളുകള്‍ മോചിതരായിട്ടില്ല.

ഈ വീട്ടില്‍ നിന്നും സഹായിക്കണമേ എന്ന് പറഞ്ഞുള്ള നിലവിളി കേട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ പറഞ്ഞു. ജനാലകളും മറ്റും തകര്‍ക്കുന്ന ശബ്ദവും കേട്ടു.എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.

സംഭവ സ്ഥലത്തുനിന്നു തന്നെയാണ് യുവാവിനെ അറസ്റ്റു ചെയ്തത്. സംഭവത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്ന് ഗാര്‍ഡ വ്യക്തമാക്കി.

മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കുടുംബത്തെ സഹായിക്കുന്നതിനായി ലെയ്സണ്‍ ഓഫീസറെ നിയോഗിച്ചതായി ഗാര്‍ഡ പറഞ്ഞു.

സംഭവത്തില്‍ പ്രൈമറി സ്‌കൂള്‍ സെന്റ് എയ്ഡന്‍സ് എസ്എന്‍എസ് പ്രൈമറി സ്‌കൂള്‍ അനുശോചനം അറിയിച്ചു.ഈ ദുരന്ത സംഭവത്തെ ദുരന്തത്തെ നേരിടുന്നതിന് വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും കൗണ്‍സിലിംഗ് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് വ്യക്തമാക്കി.

ഭയാനകമായ ദുരന്തമാണ് സംഭവിച്ചതെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു.ഈ പ്രദേശമാകെ ഞെട്ടലിലാണെന്ന് കൗണ്‍സിലര്‍ ചാര്‍ളി ഒ കോണര്‍ പറഞ്ഞു. മേയറും നടുക്കം രേഖപ്പെടുത്തി.

ഏതു ദൃശ്യവും ഷെയര്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ, താലയിലെ വീട്ടില്‍ മൂന്നു സഹോദരങ്ങളെ കുത്തിക്കൊല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ആഘോഷമാക്കി. ഇതേ തുടര്‍ന്ന് ഈ ഭയാനക ദൃശ്യങ്ങള്‍ പങ്കിടരുതെന്ന് അഭ്യര്‍ഥനയുമായി സിന്‍ ഫെയ്ന്‍ കൗണ്‍സിലര്‍ ഡെര്‍മോട്ട് റിച്ചാര്‍ഡ്‌സണ്‍ രംഗത്തുവന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് കൗണ്‍സിലറുടെ അഭ്യര്‍ഥന. പക്കലുള്ള ദൃശ്യങ്ങള്‍ ഗാര്‍ഡയ്ക്ക് കൈമാറണമെന്നും ഡെര്‍മോട്ട് റിച്ചാര്‍ഡ്‌സണ്‍ ആവശ്യപ്പെട്ടു.ഞായറാഴ്ച പുലര്‍ച്ചെ 12.30 ഓടെ താലയിലെ റോസ്ഫീല്‍ഡ് എസ്റ്റേറ്റിലെ വീട്ടിലാണ് കൊല നടന്നത്.പരിക്കേറ്റവരെ ക്രംലിന്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിനിടെ ഒരു സ്ത്രീ നിലവിളിച്ചുകൊണ്ട് റോഡിലൂടെ ഓടുന്നത് കണ്ടതായി അയല്‍വാസി പറഞ്ഞു.അവര്‍ സഹായിക്കണേ എന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നുവെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

Advertisment