ചെറുകിട നഴ്‌സിംഗ് ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍,നടത്തിപ്പ് ചെലവുകള്‍ താങ്ങാനാകുന്നില്ല

author-image
athira kk
Updated On
New Update

ഡോണഗേല്‍ : നടത്തിപ്പ് ചെലവുകള്‍ താങ്ങാനാകാതെ ഡോണഗേലിലുള്‍പ്പടെ നിരവധി ചെറുകിട നഴ്‌സിംഗ് ഹോമുകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. ഉക്രൈയ്നിലെ അഭയാര്‍ഥികളെ താമസിപ്പിക്കേണ്ടി വരുന്നതിനാലാണ് നഴ്സിംഗ് ഹോമുകള്‍ പൂട്ടുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, അതല്ല വസ്തുതയെന്നാണ് നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ടിന്റെ കണ്‍സള്‍ട്ടന്റുമാരായ ബി ഡി ഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

Advertisment

publive-image

ഫെയര്‍ ഡീല്‍ സ്‌കീം പേയ്‌മെന്റുകള്‍ കുറവായ കൗണ്ടികളിലെ നഴ്സിംഗ് ഹോമുകള്‍ നേരിടുന്ന വെല്ലുവിളികളെ എടുത്തുകാണിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.40 കിടക്കകളില്‍ താഴെയുള്ള ഹോമുകളാണ് പൂട്ടുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ അടച്ചുപൂട്ടിയത് എട്ട് നഴ്‌സിംഗ് ഹോമുകളാണ്. നാലെണ്ണം രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന പ്രക്രിയയിലുമാണ്.

ഫെയര്‍ ഡീലിന് കീഴില്‍ നഴ്സിംഗ് ഹോമുകള്‍ക്ക് സര്‍ക്കാര്‍ ഫീസ് നല്‍കുന്നുണ്ട്. ഓരോ കൗണ്ടിയിലും വ്യത്യസ്തമാണിത്. നഴ്‌സിംഗ് ഹോം കെയര്‍ ചെലവുകളുടെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതല്ല ഫെയര്‍ ഡീല്‍ സ്‌കീമെന്ന് റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.മാത്രമല്ല രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കുള്ളത് ഡോണഗേലിലെ നഴ്സിംഗ് ഹോമുകള്‍ക്കാണ്.

ഡബ്ലിനിലാണ് സ്‌കീമില്‍ ഉയര്‍ന്ന പ്രതിവാര നിരക്കുള്ളത്.1,235 യൂറോയാണിത്.ഇതിനേക്കാള്‍ 280യൂറോ കുറവാണ് ഡോണഗേലിലേതെന്ന് റിപ്പോര്‍ട്ട് പറയുന്നു.124 നഴ്സിംഗ് ഹോം ഉടമകളില്‍ നിന്നും ബി ഡി ഒ അഭിപ്രായം തേടി. 96% പേരും ഫെയര്‍ ഡീല്‍ നിരക്ക് താങ്ങാനാകുന്നതല്ലെന്ന് പറഞ്ഞു.

സര്‍ക്കാര്‍ സാമ്പത്തിക സഹായ പദ്ധതിയാണ് ഫെയര്‍ ഡീല്‍ സ്‌കീം.ദീര്‍ഘകാല പരിചരണത്തിന്റെ ചെലവിലേക്ക് അന്തേവാസികള്‍ ഒരു തുക നല്‍കുന്നു.ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കുന്നതാണ് സ്‌കീം.ഈ തുക പര്യാപ്തമല്ലെന്ന് നഴ്‌സിംഗ് ഹോംസ് അയര്‍ലണ്ടിന്റെ ചീഫ് എക്‌സിക്യൂട്ടീവ് തദ്ഗ് ഡാലി പറഞ്ഞു.ഉകൈയ്‌നിലെ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്നതിന്റെ പേരില്ല നഴ്സിംഗ് ഹോമുകള്‍ അടച്ചുപൂട്ടുന്നതെന്ന് തദ്ഗ് ഡാലി പറഞ്ഞു.അവരതിന് നിര്‍ബന്ധിതമാവുകയാണെന്ന് തദ്ഗ് ഡാലി പറഞ്ഞു.

സ്‌കീമിലെ കുറഞ്ഞ തുക ഈ നഴ്സിംഗ് ഹോമുകളെ പ്രതിസന്ധിയിലാക്കുന്നതായി ബി ഡി ഒയിലെ പാര്‍ട്ണറും ഹെഡ് ഓഫ് അഡൈ്വസറിയുമായ ബ്രയാന്‍ മക്‌നെറി പറഞ്ഞു.2020ന് ശേഷം ഈ മേഖലയില്‍ കുറഞ്ഞത് ഒമ്പത് ഹോമുകളെങ്കിലും പൂട്ടിയിട്ടുണ്ടെന്ന് ബ്രയാന്‍ മക്എനറി പറഞ്ഞു.

Advertisment