ട്രംപിന്റെ വീട്ടിൽ നിന്ന് എഫ് ബി ഐ കണ്ടെടുത്ത രേഖകൾ വിലയിരുത്താൻ സ്പെഷ്യൽ മാസ്റ്റർ 

author-image
athira kk
Updated On
New Update

വാഷിംഗ് ടൺ : മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയിൽ നിന്നു എഫ് ബി ഐ കണ്ടെടുത്ത രേഖകൾ സ്വതന്ത്രനായ  ഒരു സ്പെഷ്യൽ മാസ്റ്റർ പരിശോധിക്കും. പല രേഖകളും നികുതിയുമായും ആരോഗ്യരക്ഷയുമായും ബന്ധപ്പെട്ടതായതിനാൽ തന്റെ സ്വകാര്യത കാത്തു സൂക്ഷിക്കേണ്ടതുണ്ടെന്ന ട്രംപിന്റെ വാദം അംഗീകരിച്ചാണ് യു എസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ ഐലീൻ കാനൻ ഈ നിയമനത്തിന് അനുമതി നൽകിയത്.

Advertisment

publive-image

ദേശസുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെട്ട രേഖകൾ ഒരു മൂന്നാം കക്ഷി പരിശോധിക്കുന്നതിനെ നീതിന്യായ വകുപ്പ് (ഡി ഓ ജെ) ശക്തമായി എതിർത്തിരുന്നു. സ്പെഷ്യൽ മാസ്റ്ററുടെ പരിശോധന കഴിയും വരെ രേഖകൾ പരിശോധിക്കുന്നതു നിർത്തി വയ്ക്കാനും ജഡ്‌ജ്‌ ഡി ഓ ജെ യോട് നിർദേശിച്ചു. എന്നാൽ രഹസ്യാന്വേഷണ വകുപ്പിന് അവ  പരിശോധിച്ച് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിലയിരുത്തൽ നടത്താൻ അനുമതിയുണ്ട്.

ഓഗസ്റ്റ് 8 നു മാർ-ആ-ലാഗോ വസതിയിൽ നടന്ന റെയ്‌ഡിനു ശേഷം ട്രംപ് നേടുന്ന ഒരു നിയമ വിജയമാണിത്. നിരവധി പെട്ടികളിലായി സൂക്ഷിച്ചിരുന്ന രേഖകളിൽ പലതിനും അതീവ രഹസ്യ മുദ്രയുണ്ട്. എന്നാൽ അവയിൽ വ്യക്തിപരമായ വിവരങ്ങൾ ഉണ്ടെങ്കിൽ അവ വെളിപ്പെടുന്നതു മുൻ പ്രസിഡന്റിനു വലിയ ദോഷം ചെയ്യുമെന്നു 2020ൽ ട്രംപ് നിയമിച്ച ജഡ്ജ്‌ ചൂണ്ടിക്കാട്ടി. ചില രേഖകളിൽ ആരോഗ്യരക്ഷാ വിവരങ്ങളും ചിലതിൽ നികുതി വിവരങ്ങളും ഉണ്ടെന്നാണു ട്രംപ് അപേക്ഷയിൽ പറഞ്ഞിരുന്നത്.

സ്പെഷ്യൽ മാസ്റ്റർ പരിശോധിക്കേണ്ട രേഖകളുടെ വിവരങ്ങൾ സമർപ്പിക്കാൻ ട്രംപിന്റെ അഭിഭാഷകർക്കും ഡി ഓ ജെയ്‌ക്കും വെള്ളിയാഴ്ച വരെ സമയം നൽകി.
രേഖകളുടെ പരിശോധന അന്വേഷണവുമായി ബന്ധപ്പെടാത്ത ഉദ്യോഗസ്ഥർ പൂർത്തിയാക്കിയെന്നു ഡി ഓ ജെ കോടതിയിൽ പറഞ്ഞിരുന്നു. പക്ഷെ അന്വേഷകരുടെ പരിശോധനാ രീതിയിൽ ജഡ്‌ജ്‌ സംശയം പ്രകടിപ്പിച്ചു. ട്രംപോ അഭിഭാഷകരോ അല്ലാത്ത മറ്റാരും കാണാൻ പാടില്ലാത്ത ചില രേഖകൾ അന്വേഷണ സംഘം കണ്ടതായി സൂചനയുണ്ട്..

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ഒരാൾ കൈവശം വയ്ക്കാൻ പാടില്ലാത്ത രേഖകളാണ് എഫ് ബി ഐ പിടിച്ചെടുത്തതെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. ഡി ഓ ജെ രാഷ്ട്രീയമായാണ് നീങ്ങുന്നതെന്നു ട്രംപിന്റെ അഭിഭാഷകർ ആരോപിച്ചു. അവർ യാതൊരു തടസവും കൂടാതെ നീങ്ങുന്നത് അനുവദിക്കാൻ പാടില്ല. അത് കൊണ്ടാണ്
സ്പെഷ്യൽ മാസ്റ്റർ വേണമെന്നു ആവശ്യപ്പെടുന്നത്.

എഫ് ബി ഐ കണ്ടെടുത്ത കൂട്ടത്തിൽ ട്രംപിന്റെ മാസികകളുടെ പ്രതികളും ചില പത്രങ്ങളിലെ കട്ടിങ്ങുകളും ഉണ്ടായിരുന്നു. മൊത്തം 11,179 സർക്കാർ രേഖകളിൽ
രഹസ്യ സ്വഭാവം കാണിക്കുന്ന അടയാളങ്ങൾ ഉണ്ടായിരുന്നില്ല. 54 രേഖകൾ 'secret' എന്നും 18 എണ്ണം 'top secret' എന്നും അടയാളപ്പെടുത്തിയിരുന്നു.
എന്നാൽ എല്ലാ സർക്കാർ രേഖകളും തിരിച്ചു കൊടുത്തുവെന്നു ജൂണിൽ ട്രംപിന്റെ വീട്ടിൽ രേഖകൾ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ എഴുതി കൊടുത്തിരുന്നു. അത് കള്ളമാണെന്നു പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു.

കോടതി വിധിയിൽ ട്രംപ് ആഹ്‌ളാദം പ്രകടിപ്പിച്ചു. അഴിമതിയിൽ മുങ്ങിയ ഡി ഓ ജെ യെയും എഫ് ബി ഐ യെയും നേരിടാനുള്ള യഥാർത്ഥ ധൈര്യം ജഡ്‌ജ്‌ കാണിച്ചെന്നു അദ്ദേഹം പറഞ്ഞു.

Advertisment