ഡബ്ലിന്‍ : ഹൈക്കോടതി ഉത്തരവ് ലംഘിച്ച സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഇനോക്ക് ബര്‍ക്കിനെ ജയിലിലടച്ചു.കഴിഞ്ഞയാഴ്ച കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാത്തതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷയെന്ന് ജഡ്ജി മീഹോള്‍ ക്വിന്‍ പറഞ്ഞു.
വെസ്റ്റ്മീത്തിലെ മള്‍ട്ടിഫാര്‍ണ്‍ഹാമിലെ വില്‍സണ്‍സ് ഹോസ്പിറ്റലിലെ സ്‌കൂള്‍, ഒരു അച്ചടക്ക നടപടിയുടെ ഭാഗമായി ബര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഈ കാലയളവില്‍ സ്‌കൂളിലെത്തുന്നതിനും പഠിപ്പിക്കുന്നതിനും ഹൈക്കോടതി നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഈ ഉത്തരവ് പാലിക്കാതെ സ്‌കൂളില്‍ എത്തുകയായിരുന്നു അധ്യാപകന്‍ .വെള്ളിയാഴ്ച ക്ലാസ് മുറിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് ബര്‍ക്കിനെ അറസ്റ്റ് ചെയ്ത് ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഗാര്‍ഡയോട് കോടതി നിര്‍ദ്ദേശം നല്‍കിയത്.പിതാവ് ഷോണും സഹോദരന്‍ ഐസക്കും കോടതിയിലെത്തിയിരുന്നു.
ട്രാൻസ് ജെൻഡറായ ഒരു വിദ്യാര്‍ത്ഥിയെ പേര് വിളിക്കുന്നതിനെ ചൊല്ലി പ്രിന്‍സിപ്പലുമായുണ്ടായ തര്‍ക്കമാണ് പ്രശ്നമായതെന്ന് ബര്‍ക്ക് കോടതിയില്‍ പറഞ്ഞു. ഈ പ്രശ്നത്തില്‍ പ്രിന്‍സിപ്പലിനെ പരസ്യമായി എതിര്‍ത്തിരുന്നു.അതാണ് നടപടിയ്ക്ക് കാരണമായതെന്നും അധ്യാപകന്‍ വാദിച്ചു. എന്നാല്‍ ഈ പ്രശ്നത്തിന്റെ ന്യായാന്യായങ്ങളുടെ പേരിലല്ല,കോടതിയലക്ഷ്യത്തിന്റെ പേരിലാണ് ശിക്ഷിക്കുന്നതെന്ന്് ജഡ്ജി പറഞ്ഞു.
മനസ്സാക്ഷിയുടെ ലംഘനമായതിനാല്‍ സ്‌കൂളില്‍ പോകാതിരിക്കാനോ പഠിപ്പിക്കാതിരിക്കാനോ തനിക്കാവില്ലെന്ന് ബര്‍ക്ക് ഹൈക്കോടതിയെ അറിയിച്ചു.അതിനാല്‍ നിരോധനാജ്ഞ പാലിക്കുന്നത് അസാധ്യമാണെന്ന് ഇദ്ദേഹം പറഞ്ഞു.തുടര്‍ന്നാണ് അധ്യാപകനെ കോടതി മൗണ്ട്ജോയ് ജയിലിലേക്ക് അയച്ചത്.
ഓഗസ്റ്റ് 24നാണ് ബര്‍ക്കിനെ സസ്പെന്റ് ചെയ്തതെന്ന് വില്‍സണ്‍സ് ഹോസ്പിറ്റല്‍ സ്‌കൂളിലെ അഭിഭാഷകര്‍ പറഞ്ഞു.തുടര്‍ന്നും ഇയാള്‍ അവിടെയെത്തുന്നത് തുടര്‍ന്നു.അതിനാലാണ് കോടതിയെ സമീപിച്ചതെന്നും അഭിഭാഷകര്‍ പറഞ്ഞു. അങ്ങനെയാണ് നിരോധന ഉത്തരവ് നേടിയത്. അതിനു ശേഷവും ഇയാള്‍ ക്ലാസിലെത്തുന്നത് തുടര്‍ന്നു.
താന്‍ അധ്യാപകനാണെന്നും ജയിലില്‍ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതിയില്‍ ബര്‍ക്ക് വാദിച്ചു.’താന്‍ അധ്യാപകനാണ്,വിദ്യാര്‍ഥികളെ സ്നേഹിക്കുന്നു,അവരെ പഠിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്’ ഇദ്ദേഹം ജഡ്ജിയോട് പറഞ്ഞു.
പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചതുപോലെ ആണ്‍കുട്ടിയെ പെണ്‍കുട്ടിയെന്ന് വിളിക്കാത്തതിനാലാണ് തനിക്കെതിരെ നടപടിയെടുത്തത്.ഈ ആവശ്യം പിന്‍വലിക്കാന്‍ പ്രിന്‍സിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധ്യാപകന്‍ പറഞ്ഞു.മോശമായ ഒരു പെരുമാറ്റവും തനിക്കെതിരെ ആരോപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.കോടതി ഉത്തരവ് അനുസരിക്കുന്നത് തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തിന് എതിരാകും.തന്റെ കളങ്കമില്ലാത്ത സേവനത്തിന് ലഭിച്ച ശിക്ഷയാണ് സസ്പെന്‍ഷനെന്നും ബര്‍ക്ക് പറഞ്ഞു.
നിയമത്തെയും കോടതി സംവിധാനത്തെയും ബഹുമാനിക്കുമെന്നും പൊളിറ്റിക്സ് അധ്യാപകനെന്ന നിലയില്‍ നിയമത്തെ ബഹുമാനിക്കാന്‍ തന്റെ വിദ്യാര്‍ഥികളെ പഠിപ്പിച്ചിട്ടുണ്ടെന്നും ബര്‍ക്ക് പറഞ്ഞു.കഴിഞ്ഞ നാല് വര്‍ഷമായി താന്‍ ഒരു അധ്യാപകനും റോള്‍ മോഡലും ഡിബേറ്റിംഗ് പരിശീലകനുമായിരുന്നുവെന്ന് ബര്‍ക്ക് പറഞ്ഞു.ഇങ്ങനെയുള്ള ഒരാള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന ഉത്തരവ് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും ജഡ്ജിയോട് ഇദ്ദേഹം പറഞ്ഞു.
അതേസമയം,കഴിഞ്ഞയാഴ്ച നല്‍കിയ കോടതി ഉത്തരവിന്റെ ലംഘനമാണ് ഇവിടെ കോടതി കൈകാര്യം ചെയ്യേണ്ടതെന്ന് സ്‌കൂളിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.കോടതി ഉത്തരവ് ബര്‍ക്ക് പാലിക്കുന്നില്ലെന്നും കോടതിയലക്ഷ്യ കേസില്‍ ഉത്തരവുണ്ടായില്ലെങ്കില്‍ ഇന്നും ഇദ്ദേഹം സ്‌കൂളില്‍ ഹാജരാകുമെന്നും ഇവര്‍ പറഞ്ഞു.ബര്‍ക്കിനെ ശിക്ഷിക്കാന്‍ സ്‌കൂളിന് താല്‍പ്പര്യമില്ല. എന്നാല്‍ കോടതി ഉത്തരവുകള്‍ അദ്ദേഹം പാലിക്കണമെന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ചാണ് ബര്‍ക്കിനെ ജയിലിലാക്കിയത്.ജയിലിലെത്തിച്ച അധ്യാപകനെ മറ്റു കുറ്റവാളികളില്‍ നിന്നും മാറ്റി പ്രത്യേക സൗകര്യം ഒരുക്കിയാണ് ജയില്‍ അധികൃതര്‍ പാര്‍പ്പിച്ചിരിക്കുന്നത്.