ആംസ്ററര്‍ഡാം: കേരളത്തില്‍ ഇപ്പോള്‍ തെരുവുനായ്ക്കളാണ് പ്രധാന വാര്‍ത്ത. എന്നാല്‍, നായ്ക്കളുടെ ആക്രമണം പേടിക്കാതെ നടക്കാവുന്ന തെരുവുകള്‍ ഒരു യൂറോപ്യന്‍ രാജ്യത്തുണ്ട്. നെതര്‍ലന്‍ഡ്സാണ് തെരുവുനായകളില്ലാത്ത യൂറോപ്യന്‍ രാജ്യം. അതെ, വെള്ളപ്പൊക്ക പ്രതിരോധം പഠിക്കാന്‍ കേരള മുഖ്യമന്ത്രി അടക്കമുള്ളവര്‍ നേരത്തെ സന്ദര്‍ശനം നടത്തിയ അതേ നെതര്‍ലന്‍ഡ്സ്. തെരുവുനായ ശല്യം പരിഹരിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിനും ഒരു നെതര്‍ലന്‍ഡ്സ് സന്ദര്‍ശനം വേണമെങ്കില്‍ ആലോചിക്കാവുന്നതാണ്.
/sathyam/media/post_attachments/Nri885N5rjb0L34Z5s9Z.jpg)
നികുതിയും നിയമവും കരുതലും സ്നേഹോപദേശവും ചേര്‍ത്താണ് നെതര്‍ലന്‍ഡ്സില്‍ തെരുവുനായ്ക്കളെ ഇല്ലാതാക്കിയത്. അവയെ കൊന്നൊടുക്കുകയല്ല, അവയ്ക്കെല്ലാം 'വീട്' നല്‍കിക്കൊണ്ടാണ് പരിഹാരം കണ്ടത്. തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യ രാജ്യമെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു.
കടയില്‍നിന്ന് പട്ടിക്കുട്ടിയെ വാങ്ങുമ്പോഴുള്ള നികുതി വ്യവസ്ഥയും സമര്‍ഥമായി ആവിഷ്കരിച്ച ഒട്ടേറെ പദ്ധതികളുമാണ് തെരുവുനായ ശല്യം ഇല്ലാതാക്കാന്‍ ഡച്ചുകാരെ സഹായിച്ചത്. വലിയ തുക നികുതി കൊടുത്ത് പട്ടിയെ വാങ്ങുന്നതിനു പകരം ജനങ്ങള്‍ തെരുവുനായ്ക്കളെ ദത്തെടുക്കാനുള്ള കേന്ദ്രങ്ങളിലേക്കു വരാന്‍ തുടങ്ങി.
തെരുവില്‍നിന്ന് നായ്ക്കളെ പിടിച്ച് വാക്സിനേഷനും വന്ധ്യംകരണത്തിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ചെലവില്‍ വിജയകരമായി നടപ്പാക്കി. മൃഗാവകാശങ്ങള്‍ക്കായി നിയമപോരാട്ടമുള്‍പ്പെടെ നടത്താന്‍ സംഘടനകള്‍ സജീവമായി. മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ പ്രത്യേക പൊലീസ് സേനയും രൂപീകരിച്ചു. നെതര്‍ലന്‍ഡ്സിലിപ്പോള്‍ 90% ജനങ്ങളും വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്.