ലണ്ടന്‍: ബ്രിട്ടനിലെ ഹോം സെക്രട്ടറിയായി പ്രധാനമന്ത്രി ലിസ് ട്രസ് നിയോഗിച്ചത് ഇന്ത്യന്‍ വംശജ സുയെല്ല ബ്രവര്‍മാനെ. ഇത് രണ്ടാംതവണയാണ് ഇന്ത്യന്‍ വംശജ ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറി പദത്തിലെത്തുന്നത്. പ്രീതി പട്ടേലായിരുന്നു മുമ്പ് ഈ സ്ഥാനത്തിരുന്നത്.
/sathyam/media/post_attachments/McE0ntYYmBKuN9nqPk5P.jpg)
ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ അറ്റോണി ജനറലായിരുന്നു നാല്‍പ്പത്തിരണ്ടുകാരിയായ സുയെല്ല. ഫേര്‍ഹാം മണ്ഡലത്തില്‍ നിന്നാണ് കര്‍ണസര്‍വേറ്റീവ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസാണ് സുയെല്ലയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കു നടന്ന മത്സരത്തിന്റെ ആദ്യ ഘട്ടത്തില്‍ സുയെല്ലയും രംഗത്തുണ്ടായിരുന്നു.
തമിഴ്നാട് സ്വദേശിയായ ഉമയാണ് സുയെല്ലയുടെ അമ്മ. അച്ഛന്‍ ഗോവന്‍ സ്വദേശിയായ ക്രിസ്ററി ഫെര്‍ണാണ്ടസും. 1960കളിലാണ് ഉമ ബ്രിട്ടനിലേക്ക് കുടിയേറിയത്. പിതാവ് കെനിയയില്‍ നിന്നാണ് ബ്രിട്ടനിലെത്തിയത്.
കേംബ്രിജ് യൂനിവേഴ്സിറ്റിയില്‍ നിന്നാണ് സുയെല്ല നിയമബിരുദം നേടിയത്. യൂനിവേഴ്സിറ്റിയിലെ സഹപാഠിയായ റെയല്‍ ബ്രവര്‍മാനെ 2018ല്‍ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. ബുദ്ധമത വിശ്വാസിയാണ്. ബ്രിട്ടനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകയുമാണ് അവര്‍.