സൂറിക് : ലോക അത്‌ലറ്റിക്സിലെ മുൻനിര താരങ്ങളുടെ പോരാട്ടക്കളമായ ഡയമണ്ട് ലീഗ് ഫൈനലിൽ ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര ഇന്ന് അങ്കത്തിനിറങ്ങുന്നു. ഇന്നു ജയിച്ചാൽ ഒളിംപിക്സ് സ്വർണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ചാംപ്യൻപട്ടം ഇരുപത്തിനാലുകാരനായ നീരജിനു സ്വന്തമാക്കാം.
ഈ വർഷത്തെ വിവിധ ഡയമണ്ട് ലീഗ് മീറ്റുകളിൽ മികച്ച പ്രകടനം നടത്തിയ 6 അത്‌ലീറ്റുകളാണ് ഇന്നു ജാവലിൻ ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്നത്. പോയിന്റ് നിലയിൽ നാലാം സ്ഥാനത്താണു നീരജ് (15 പോയിന്റ്). നീരജ് സ്വർണം നേടിയ ടോക്കിയോ ഒളിംപിക്സിലെ വെള്ളിനേട്ടക്കാരൻ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജിനാണു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം (27 പോയിന്റ്).
ഇന്നത്തെ മത്സരത്തിൽ പ്രധാന പോരാട്ടവും നീരജും യാക്കൂബും തമ്മിലായിരിക്കും. ജാവലിൻ ത്രോയിലെ മാന്ത്രിക സംഖ്യയായ 90 മീറ്റർ ദൂരം പിന്നിട്ട ചരിത്രമുള്ള യാക്കൂബ്, നീരജ് ഒന്നാം സ്ഥാനം നേടിയ ലുസേൻ ഡയമണ്ട് ലീഗ് മീറ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു. ലോകചാംപ്യൻ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് ഫൈനലിനില്ല. കഴിഞ്ഞ മാസം ആക്രമണത്തിൽ പരുക്കേറ്റ ആൻഡേഴ്സൻ ഫിറ്റ്നസ് വീണ്ടെടുക്കുന്നതേയുള്ളൂ.
ഡയമണ്ട് ലീഗ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡിനായാണ് നീരജ് ഇന്ന് മത്സരത്തിനിറങ്ങുക. ഇക്കഴിഞ്ഞ ലുസേൻ ഡയമണ്ട് ലീഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് നീരജ് ഫൈനലിനു യോഗ്യത ഉറപ്പിച്ചത്. 89.08 മീറ്റർ ദൂരമാണു ലുസേനിൽ നീരജ് പിന്നിട്ടത്. ഒരു ഡയമണ്ട് ലീഗ് മീറ്റിൽ ഒന്നാം സ്ഥാനം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതുവഴി ഹരിയാനക്കാരനായ നീരജ് സ്വന്തമാക്കിയിരുന്നു.