ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നു വാങ്ങുന്ന പ്രകൃതിവാതകത്തിന്റെ വില നിയന്ത്രിക്കാന്‍ നീക്കം. യൂറോപ്യന്‍ കമ്മിഷനാണ് മേഖലയിലെ ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്ത് ഇങ്ങെയൊരു നീക്കം നടത്തുന്നത്.
/sathyam/media/post_attachments/Y222YsZUBnzJGyzq7cN1.jpg)
അനിയന്ത്രിതമായി കുതിക്കുന്ന വാതക, എണ്ണ വില നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശം നാളത്തെ യൂറോപ്യന്‍ കമ്മിഷന്‍ യോഗത്തില്‍ വയ്ക്കുമെന്ന് അധ്യക്ഷ ഉര്‍സുല വാന്‍ഡെര്‍ ലെയ്ന്‍ അറിയിച്ചു.
എന്നാല്‍, കരാറിനു വിരുദ്ധമായി ഇത്തരമൊരു നീക്കവുമായി മുന്നോട്ടുപോയാല്‍ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക, എണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുമെന്ന് റഷ്യ മുന്നറിയിപ്പു നല്‍കി.
യുക്രെയ്നില്‍ അധിനിവേശം നടത്തിയതിനെ തുടര്‍ന്ന് റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പ്രതികാരമായി റഷ്യ വാതക, എണ്ണ വില വര്‍ധിപ്പിക്കുന്നു എന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ വിലയിരുത്തല്‍.
ഊര്‍ജ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇറക്കുമതി കുറയ്ക്കാനും മാര്‍ഗങ്ങള്‍ ആരായുന്നു.
യൂറോപ്പിന് ആവശ്യമായ വാതകത്തില്‍ 40 ശതമാനവും എണ്ണയില്‍ 30 ശതമാനവും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ശീതകാലം എത്തുന്നതിനാല്‍ നിര്‍ണായക സമയമാണിത്.
വിലനിയന്ത്രണ നീക്കത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലെ ചില രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയ്ക്കെതിരായ അത്തരം പ്രകോപനപരമായ നീക്കം ശരിയല്ലെന്ന് തുര്‍ക്കിയുടെ പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ പറഞ്ഞു.