എയര്‍ ലിംഗസില്‍ ഇനി യാത്ര ചെയ്യില്ലെന്ന ഉഗ്രപ്രതിജ്ഞയുമായി യാത്രക്കാര്‍ ..!

author-image
athira kk
Updated On
New Update

ഡബ്ലിന്‍: സാങ്കേതികത്തകരാര്‍ മൂലം എയര്‍ ലിംഗസിന്റെ വിവിധ ഫ്ളൈറ്റുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ആയിരകണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. 51 ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. ഈ വിവരം യഥാസമയം അറിയിക്കാന്‍ കഴിയാത്തതിനാല്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കി.

Advertisment

publive-image

തകരാറുകള്‍ പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും തുടര്‍ന്നും സിസ്റ്റം തകരാറിലായി. ഡബ്ലിനിലേയ്ക്കും തിരിച്ചുമുള്ള ഒട്ടേറെ യാത്രക്കാര്‍ വിമാനം കിട്ടാതെ വലഞ്ഞു. ക്ലൗഡ് അധിഷ്ഠിത നെറ്റവര്‍ക്ക് സര്‍വീസുമായുള്ള ബന്ധം തകര്‍ന്നതാണ് സര്‍വ്വീസുകളെയാകെ അലങ്കോലമാക്കിയത്.വിമാനങ്ങള്‍ റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിക്കാനും കഴിയാതെ വന്നു.ഇതോടെ എയര്‍പോര്‍ട്ടിലെത്തിയ ആളുകള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാതെ മണിക്കൂറുകള്‍ അവിടെ കുടുങ്ങി.

വിമാനസര്‍വ്വീസുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും യാത്രക്കാര്‍ ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റിനായി കൃത്യസമയത്ത് എത്തിച്ചേരണമെന്നും കമ്പനി നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു ഇവരെല്ലാം എത്തിയത്.എന്നാല്‍ സിസ്റ്റം വീണ്ടും തകരാറിലായതോടെ യാത്രക്കാര്‍ വിമാനങ്ങള്‍ കിട്ടാതെ വഴിയിലായി.

വിമാനം റദ്ദാക്കിയതറിയാതെ ആയിരകണക്കിന് യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.ആകെ തിക്കും തിരക്കും ബഹളവുമായി.പലരും സോഷ്യല്‍ മീഡിയയില്‍ വിമാനയാത്രാ ദുരിതങ്ങള്‍ നിരത്തി.പതിവ് പോലെ എയര്‍ ലിംഗസ് ഫ്ളൈറ്റില്‍ മേലില്‍ യാത്ര ചെയ്യില്ലെന്നുള്ള പ്രതിജ്ഞയാണ് പലരും സോഷ്യല്‍ മീഡിയയില്‍ കൂടി പ്രഖ്യാപിച്ചത്!.

തകരാര്‍ പരിഹരിച്ചെന്ന് പറഞ്ഞിട്ടും ഓണ്‍ലൈനില്‍ ചെക്ക് ഇന്‍ ചെയ്യാനോ ഫ്ളൈറ്റുകള്‍ റീബുക്ക് ചെയ്യാനോ കഴിയുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാന്‍ പോലുമായില്ലെന്നും ഇവര്‍ പറഞ്ഞു. ഏറെ സമയത്തെ കാത്തിരിപ്പിന് ശേഷമാണ് കസ്റ്റമര്‍ സര്‍വീസ് ഓപ്പറേറ്ററെ ലഭ്യമായത്.ടൂര്‍ ഗ്രൂപ്പുകളും അവധി ആഘോഷിക്കാന്‍ പുറപ്പെട്ടവരും വിസ തീരുന്ന വിദ്യാര്‍ഥികളുമെല്ലാം ഫ്ളൈറ്റ് കിട്ടാതെ കുഴപ്പത്തിലായി.തകരാര്‍ സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പുണ്ടായത് വളരെ വൈകിയാണെന്ന് ഇവര്‍ പറഞ്ഞു.

ഐടി പ്രശ്‌നങ്ങള്‍ കാരണം ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്കും യൂറോപ്യന്‍, യുകെ, വിമാനങ്ങളും റദ്ദാക്കേണ്ടി വന്നതായി കമ്പനി പിന്നീട് സ്ഥിരീകരിച്ചു.നെറ്റ്വര്‍ക്ക് തകരാര്‍ കാരണം, ചെക്ക്-ഇന്‍, ബോര്‍ഡിംഗ്, ക്ലൗഡ് അധിഷ്ഠിത സംവിധാനങ്ങള്‍ എന്നിവ നിലവില്‍ ലഭ്യമല്ലെന്ന് കമ്പനി അറിയിച്ചു.കണക്റ്റിവിറ്റി എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍, ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേക്ക് എത്തരുതെന്നും കമ്പനി ആവശ്യപ്പെട്ടു.

എല്ലാ യാത്രാ തടസ്സങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നതായി കമ്പനി പറഞ്ഞു. യാത്രാ തടസ്സം നേരിട്ട എല്ലാ ഉപഭോക്താക്കള്‍ക്കും റീഫണ്ട് ലഭിക്കും. അതല്ലെങ്കില്‍ യാത്രകള്‍ റീ ഷെഡ്യൂള്‍ ചെയ്യാനും കഴിയും Aerlingus.com, കോള്‍ സെന്ററുകള്‍,സോഷ്യല്‍ മീഡിയ ചാനലുകള്‍ എന്നിവയിലൂടെ തികച്ചും സൗജന്യമായി ഇത് ചെയ്യാവുന്നതാണെന്നും കമ്പനി അറിയിച്ചു.

Advertisment