യു കെയില്‍ മാറുന്ന രാജാധികാരത്തിന്റെ അടയാളങ്ങള്‍

author-image
athira kk
Updated On
New Update

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിടവാങ്ങലോടെ ബ്രിട്ടീഷ് രാജാധികാരത്തിന്റെ അടയാളങ്ങളും സര്‍വ്വത്ര മാറുകയാണ്.ഏഴു പതിറ്റാണ്ടായി രാജമുദ്യും രാജ്ഞിയുടെ ഛായാചിത്രവുമെല്ലാം ബ്രിട്ടന്റെ സാമൂഹിക ജീവിതത്തില്‍ അന്തര്‍ലീനമാണ്. ബ്രിട്ടീഷ് നാണയങ്ങളിലും ബാങ്ക് നോട്ടുകളിലും റോയല്‍ മെയില്‍ പുറത്തിറക്കിയ സ്റ്റാമ്പുകളിലും പാസ്പോര്‍ട്ടുകളിലുമെല്ലാം രാജ്ഞിയുടെ ഛായാചിത്രമാണ് എംബോസ് ചെയ്തിരിക്കുന്നത്.ഇനി അവയെല്ലാം പുതിയ രാജാവിന് വഴിമാറും. യു കെ പുതിയ രാജാവിനെ സ്വീകരിക്കുന്നതോടെ രാജകീയ റീബ്രാന്‍ഡിംഗിലേയ്ക്കുള്ള മാറ്റവും ആരംഭിക്കും.

Advertisment

publive-image

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഛായാ ചിത്രവുമായി നാണയങ്ങള്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് റോയല്‍ മിന്റ് വ്യക്തമാക്കിയിട്ടില്ല. പക്ഷേ രാജ്ഞിയുടെ നാണയങ്ങള്‍ വര്‍ഷങ്ങളോളം പ്രചാരത്തില്‍ നിലനില്‍ക്കുമെന്നും അവ ക്രമേണയായിരിക്കും മാറ്റിസ്ഥാപിക്കുകയെന്നുമാണ് അറിയുന്നത്.ചാള്‍സ് രാജാവിന്റെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് 2018ല്‍ പുറത്തിറക്കിയ നാണയത്തില്‍ ഇദ്ദേഹത്തിന്റെ ഛായാചിത്രമുണ്ടായിരുന്നു.ചാള്‍സ് മൂന്നാമന്‍ രാജാവ് ഇടതുവശത്തേക്ക് തിരിഞ്ഞാണ് ഇരിക്കുന്നത്. ഓരോ പുതിയ രാജാവിനും ദിശ മാറിമാറി വരണമെന്നതാണ് പാരമ്പര്യം.

മാറ്റം നാണയങ്ങളില്‍ തുടങ്ങും

യു കെയില്‍ പ്രചാരത്തിലുള്ള 29 ബില്യണ്‍ നാണയങ്ങളിലും രാജ്ഞിയുടെ ഹെഡുണ്ട്. 88 വയസ്സുള്ള രാജ്ഞിയുടെ മുഖമുള്ള 2015ലെ ഡിസൈനാണ് ഇപ്പോഴുള്ളത്. രാജ്ഞിയുടെ ഭരണകാലത്തെ അഞ്ചാമത്തെ നാണയ ഛായാചിത്രമായിരുന്നു ഇത്.

1960 മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എല്ലാ നോട്ടുകളിലും രാജ്ഞിയുണ്ട്.ഏകദേശം 80 ബില്യണ്‍ പൗണ്ട് മൂല്യമുള്ള 4.5 ബില്യണ്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നോട്ടുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. നാണയങ്ങളിലെന്നപോലെ, ഇവയും ക്രമേണ ഒഴിവാക്കും.

1967 മുതല്‍, റോയല്‍ മെയില്‍ പുറത്തിറക്കിയ സ്റ്റാമ്പുകളിലെല്ലാം എലിസബത്ത് രാജ്ഞിയുണ്ട്. ഇനി ഇത്തരം സ്റ്റാമ്പുകള്‍ പുറത്തിറക്കില്ല.പുതിയവ സൃഷ്ടിക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കും.പുതിയ രാജാവ് മുമ്പ് സ്റ്റാമ്പുകളില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പുതിയ ഡിസൈനുകള്‍ എങ്ങനെയായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.

റോയല്‍ വാറന്റുകളും മാറും
കഴിഞ്ഞ നൂറ്റാണ്ടിലധികമായി രാജാവും ഭാര്യയും അവകാശിയും അവരവരുടെ പേരില്‍ റോയല്‍ വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ 800 കമ്പനികളുടെ കൈവശം ഇത്തരം 900 റോയല്‍ വാറന്റുകളുണ്ടെന്നാണ് കരുതുന്നത്.ഒരു ഗ്രാന്റര്‍ മരിക്കുമ്പോള്‍ അവര്‍ പുറപ്പെടുവിച്ച റോയല്‍ വാറന്റുകളും അസാധുവാകും. എന്നാല്‍ കമ്പനിക്ക് അത് നിര്‍ത്താന്‍ രണ്ട് വര്‍ഷം സമയമുണ്ട്. വെയില്‍സ് രാജകുമാരന്‍ എന്ന നിലയില്‍ ചാള്‍സ് പുറപ്പെടുവിച്ച വാറന്റുകള്‍ രാജാവായതിനാല്‍ ഇനിയും തുടരാം.

പാസ്പോര്‍ട്ടും പോലീസും

എല്ലാ ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകളും ഹെര്‍ മജസ്റ്റിയുടെ പേരിലാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്.അവയ്ക്ക് ഇനിയും യാത്രാ സാധുതയുണ്ടാകും. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ടുകളുടെ മുന്‍ കവറിലെ ഹെര്‍ മജസ്റ്റി എന്ന പദം ഹിസ് മജസ്റ്റി എന്ന് അപ്‌ഡേറ്റ് ചെയ്യും.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പോലീസ് സേനയുടെ ഹെല്‍മെറ്റ് പ്ലേറ്റുകളുടെ മധ്യഭാഗത്തെ എലിസബത്ത് രാജ്ഞിയുടെ രാജകീയ സൈഫറും മാറ്റേണ്ടിവരും.

രാജാവ് നിയമിച്ച ബാരിസ്റ്ററുകളും സോളിസിറ്റര്‍മാരും കിംഗ്സ് കൗണ്‍സല്‍ എന്നാണ് അറിയപ്പെടുക.നേരത്തേയിത് ക്വീന്‍സ് കൗണ്‍സല്‍ ആയിരുന്നു.

Advertisment