യുക്രൈൻ : റഷ്യയെ അടിയറവു പറയിച്ചു യുക്രൈൻ ഗണ്യമായ ഭൂമി തിരിച്ചു പിടിച്ചത് വിദേശ രാജ്യങ്ങൾ എത്തിച്ച ആയുധങ്ങളുടെ കരുത്തിലും റഷ്യക്കാരെ വിഢികളാക്കിയ വ്യാജ പ്രചാരണം കൊണ്ടുമാണെന്നു വ്യക്തമാകുന്നു. റഷ്യയുമായി നോക്കിയാൽ ആയുധ ബലത്തിലും ആൾ ബലത്തിലും ഏറെ പിന്നിൽ നിൽക്കുന്ന യുക്രൈന് 3,500 ചതുരശ്ര കിലോമീറ്ററോളം ഭൂമി തിരിച്ചു പിടിക്കാൻ കഴിഞ്ഞതു ക്രെംലിനെ ഞെട്ടിച്ചു കാണും. ക്രെംലിൻറെ തന്ത്രങ്ങൾ പൊളിയാണെന്നു പ്രസിഡന്റ് പുട്ടിന്റെ സഖാവായ ചെച്ന്യൻ നേതാവ് തുറന്നടിച്ചത് അതിന്റെ സൂചനയാണ്.
ഖാർകിവ് പ്രവിശ്യയിലെ ഇസിയം നഗരം കൈവിട്ടു റഷ്യൻ സേനകൾ പലായനം ചെയ്തതോടെ യുക്രൈന്റെ വടക്കു കിഴക്കു അവർക്കു തന്ത്രപ്രധാന കേന്ദ്രം നഷ്ടമായി. മാർച്ചിൽ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ട ശേഷം ഏറ്റവും വലിയ തിരിച്ചടിയാണ് ഇസിയത്തിൽ റഷ്യയ്ക്കുണ്ടായത്. അമേരിക്കയാണ് 28 രാജ്യങ്ങളിൽ ഏറ്റവുമധികം ആയുധങ്ങൾ യുക്രൈന് എത്തിച്ചതെന്ന സത്യം ബാക്കി നിൽക്കുന്നു. $9.8 ബില്ല്യൺ ആയുധ സഹായം വാഗ്ദാനം ചെയ്ത ബൈഡൻ ഭരണകൂടം അതിൽ $9.1 ബില്യന്റെ ആയുധം എത്തിച്ചു കഴിഞ്ഞു. ദീർഘദൂര റോക്കറ്റ് വിക്ഷേപണ സംവിധാനങ്ങൾക്കു പുറമെ വിലപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങളും യു എസ് നൽകുന്നുണ്ട്.
യു കെ $2.68 ബില്യൺ ആയുധങ്ങൾ വാഗ്ദാനം എത്തിച്ചു. ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഗണ്യമായ സഹായം നൽകി. ജർമനിയിൽ നിന്നുള്ള ആയുധങ്ങൾ കഴിഞ്ഞ ആഴ്ച എത്തി. സഹായം നൽകുന്ന 28 രാജ്യങ്ങളിൽ 25 നേറ്റോ സഖ്യകക്ഷികളാണ്. യുക്രൈൻ സേന സെപ്റ്റംബർ തുടക്കം മുതൽ 2,000 ചതുരശ്ര കിലോമീറ്റർ (770 ചതുരശ്ര മൈൽ) ഭൂമി തിരിച്ചു പിടിച്ചെന്ന് ശനിയാഴ്ച പ്രസിഡന്റ് സിലിൻസ്കി പറഞ്ഞു. ഞായറാഴ്ച കരസേന അത് 3,000 ചതുരശ്ര
കിലോമീറ്ററാക്കി ഉയർത്തി. ഖാർകിവ് ലക്ഷ്യമാക്കി തെക്കും കിഴക്കും വടക്കും നിന്നു ആക്രമണം നടത്തിയെന്നു കരസേനാധിപൻ വലേറി സല്യൂഷയി പറഞ്ഞു.
"അവിടന്നു റഷ്യൻ അതിർത്തിയിലേക്ക് 50 കിലോമീറ്ററേയുള്ളൂ," അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കു ഖെർസണിൽ പ്രത്യാക്രമണത്തിനു യുക്രൈൻ ഒരുങ്ങുന്നു എന്ന വാർത്ത റഷ്യക്കാരെ കബളിപ്പിക്കാൻ കരുതിക്കൂട്ടി പ്രയോഗിക്കുകയായിരുന്നു യുക്രൈൻ. അതു കേട്ടപാടേ പുട്ടിൻ അവിടേക്കു വൻ തോതിൽ സൈന്യത്തെ അയച്ചു. അതേ സമയം ഖാർക്കിവിൽ അവരുടെ സേനാബലം കുറഞ്ഞു. അപ്പോഴാണ് യുക്രൈൻ അവിടെ ആക്രമണം നടത്തി റഷ്യൻ സേനയെ പായിച്ചത്.
കാര്യമായ ചെറുത്തു നിൽപു പോലും ഉണ്ടായില്ലെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെച്ചൻ നേതാവ് റംസാൻ കഡിറോവ് 11 മിനിറ്റ് നീണ്ട ഓഡിയോയിൽ റഷ്യൻ സൈന്യത്തെ വിമർശിച്ചു. ആക്രമണം ആസൂത്രണം ചെയ്ത രീതിയിലല്ല പോകുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. "ഞാൻ യുദ്ധതന്ത്രങ്ങൾ മെനയുന്ന ആളല്ല. പക്ഷെ തെറ്റു പറ്റി എന്നതു വ്യക്തമാണ്," അദ്ദേഹം പറഞ്ഞു.