സ്കോട്ട്ലാൻഡ്: അന്തരിച്ച എലിസബത്ത് II രാജ്ഞിയുടെ സംസ്‌കാരത്തിനു മുൻപുള്ള ഒരാഴ്ചത്തെ ദുഃഖാചരണം ആരംഭിച്ചപ്പോൾ തിങ്കളാഴ്ച്ച സ്കോട്ടിഷ് തലസ്ഥാനമായ എഡിൻബറയിൽ ആയിരങ്ങൾ അവർക്ക് ആദരാജ്ഞലി അർപ്പിച്ചു. ബ്രിട്ടീഷ് പതാകയിൽ പൊതിഞ്ഞ രാജ്ഞിയുടെ മൃതദേഹം അവർ അന്തരിച്ച ബാൽമോറൽ കൊട്ടാരത്തിൽ നിന്ന് ആറു മണിക്കൂർ യാത്രയ്ക്കു ശേഷമാണു ഞായറാഴ്ച എഡിൻബറയിലെ ഹോളിറൂഡ്ഹൗസിൽ എത്തിയത്. വഴിയിൽ ഉടനീളം രാജ്ഞിക്കു ആദരം അർപ്പിക്കാൻ ജനങ്ങൾ കാത്തു നിന്നിരുന്നു. ഹോളിറൂഡ്ഹൗസിനു പുറത്തു പൂക്കൾ കുമിഞ്ഞു കൂടി.
/sathyam/media/post_attachments/EAiMpduyyA5lXoQOoShR.jpg)
അടുത്ത തിങ്കളാഴ്ച വെസ്റ്റമിന്റ്സർ ആബിയിലാണ് സംസ്കാരം നടത്തുക. ഇന്നു ബ്രിട്ടീഷ് സമയം 10.00നു ചാൾസ് രാജാവ് വെസ്റ്റമിൻസ്റ്റർ ഹാളിൽ പാർലമെന്റിന്റെ ഇരു സഭകളും രാജ്ഞിക്കു ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കും. അതിനു ശേഷം 2.45നു രാജപത്നി കാമിലയുമൊത്തു അദ്ദേഹം എഡിൻബറയിലേക്കു പറക്കും.
മൂന്നു മണിക്കു സെന്റ് ഗെയ്ൽസ് കത്തീഡ്രലിൽ രാജ്ഞിക്കു വേണ്ടി കുർബാനയുണ്ട്. അതിനു മുന്പായി വിലാപയാത്രയിൽ അദ്ദേഹം ശവമഞ്ചത്തിനു പിന്നിൽ നടക്കും. മൃതദേഹം 24 മണിക്കൂർ കത്തീഡ്രലിൽ സൂക്ഷിക്കും. പൊതു ജനങ്ങൾക്കു ആദരാഞ്ജലി അർപ്പിക്കാം. രാജാവ് അതിനിടെ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ട്രൂഗണുമായി കൂടിക്കാഴ്ച നടത്തും. സ്കോട്ടിഷ് പാർലമെന്റിന്റെ അനുശോചന യോഗത്തിലും ചാൾസ് പങ്കെടുക്കുന്നുണ്ട്.
ചൊവാഴ്ച ഉച്ചതിരിഞ്ഞു മൃതദേഹം വ്യോമസേനാ വിമാനത്തിൽ ലണ്ടനിലേക്കു കൊണ്ടു പോകും. അവിടന്നു റോഡ് മാർഗമാണ് ബക്കിംഗാം കൊട്ടാരത്തിലേക്കു കൊണ്ടു പോവുക. ബുധനാഴ്ച ഉച്ച തിരിഞ്ഞു വെസ്റ്റമിൻസ്റ്റർ കൊട്ടാരത്തിലേക്കു മാറ്റും. സംസ്കാരം വരെ അവിടെ. പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാം. യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഞായറാഴ്ച വാഷിംഗ്‌ടണിലെ ബ്രിട്ടീഷ് എംബസിയിൽ എത്തി അനുശോചന കുറിപ്പ് എഴുതി.