ഡബ്ലിന്‍ : കോടതിയലഷ്യത്തെ തുടര്‍ന്ന് മൗണ്ട്ജോയ് ജയിലിലായ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ഇനോക്ക് ബര്‍ക്കിനെ പുറത്തിറക്കാനുള്ള ശ്രമം വിജയിച്ചില്ല. സസ്പെന്‍ഷനിലായതിനാല്‍ വെസ്റ്റ്മീത്തിലെ മള്‍ട്ടിഫാര്‍ണ്‍ഹാമിലെ വില്‍സണ്‍സ് ഹോസ്പിറ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ച് ക്ലാസില്‍ കയറിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇദ്ദേഹത്തെ ജയിലിലടച്ചത്. ഇദ്ദേഹത്തിന്റെ കേസ് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.
/sathyam/media/post_attachments/80nFzUmitenYNpMTEbum.jpg)
തനിക്കെതിരെയുള്ള നടപടികള്‍ ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. കോടതിയില്‍ സ്വയമാണ് കേസ് വാദിച്ചതും. കുട്ടികളെ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശം പരസ്യമായി ലംഘിച്ചതിനാണ് മാനേജ്മെന്റ് ഇദ്ദേഹത്തിനെതിരെ ശിക്ഷണ നടപടിയെടുത്തത്.
സ്‌കൂളിന്റെ അച്ചടക്ക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ ബുധനാഴ്ച നടത്താനിരുന്ന യോഗം മാറ്റിവെച്ചതായി സ്‌കൂളിന്റെ അഭിഭാഷക റോസ്മേരി മല്ലോണ്‍ കോടതിയെ അറിയിച്ചു.അതിനാല്‍ അച്ചടക്ക നടപടി തടയണമെന്ന ഉത്തരവുകള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് കോനോര്‍ ഡിഗ്നം പറഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കും.