ജനീവ: ലോകത്താകമാനം അഞ്ച് കോടി ആളുകള്‍ ആധുനിക അടിമത്തം അനുഭവിച്ചു വരുകയാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇഷ്ടമില്ലാത്ത ജോലി, വിവാഹം തുടങ്ങിയവയില്‍ തുടരുന്നതിനാണ് ആധുനിക അടിമത്തം എന്നു വിശേഷിപ്പിക്കുന്നത്.
/sathyam/media/post_attachments/sQgzb208K2efQgZsSD2N.jpg)
2030ഓടെ എല്ലാ തരത്തിലുള്ള ആധുനിക അടിമത്വവും ഇല്ലായ്മ ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനാ മേധാവി ഗേ റൈഡര്‍ പറഞ്ഞു. അടിസ്ഥാന മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് സ്ഥിതി കൂടുതല്‍ വിഷളായത്. ആ സമയത്ത് തൊഴിലാളികളുടെ അപകടസാധ്യതയും കടബാധ്യതയും വര്‍ധിച്ചു. കാലാവസ്ഥ വ്യതിയാനവും സായുധ സംഘര്‍ഷങ്ങളും ദുരിതം ഇരട്ടിപ്പിച്ചു. വിദ്യാഭ്യാസവും തൊഴിലും മുടങ്ങി ദാരിദ്യ്രം കാരണം ആളുകള്‍ സുരക്ഷിതമല്ലാത്ത പലായനത്തിന് നിര്‍ബന്ധിതരായി. ഇത്തരം മനുഷ്യരാണ് കൂടുതലായും ചൂഷണം ചെയ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളും കുട്ടികളുമാണ് ഏറെ ദുരിതത്തിലായത്. അഞ്ചിലൊന്ന് കുട്ടികളും നിര്‍ബന്ധിതമായി തൊഴില്‍ ചെയ്യുന്നു. അതില്‍ പകുതി പേരും വാണിജ്യ, ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. ഇഷ്ടമില്ലാത്ത ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നതില്‍ കൂടുതലും കുടിയേറ്റ തൊഴിലാളികളാണ്. എല്ലാ രാജ്യത്തും ആധുനിക അടിമത്ത രീതികള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് പകുതിയിലധികമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.