കീവ്: ഖാര്‍ക്കിവിനു പിന്നാലെ യുക്രെയ്ന്റെ തെക്കന്‍ മേഖലയില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍മാറ്റം തുടങ്ങി. യുക്രെയ്ന്‍ സൈന്യം ആക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിലാണിത്. കൂടുതല്‍ സൈനികരെ ലഭിക്കാതായതോടെ റഷ്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വരുകയായിരുന്നു.
/sathyam/media/post_attachments/8qBs0t5XFVcHNRHNoTd6.jpg)
അതേസമയം, കിഴക്കന്‍ യുക്രെയ്നില്‍ നിന്നു പിന്‍വാങ്ങുന്ന റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്കു പരുക്കേറ്റു. പലയിടങ്ങളില്‍നിന്നും ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധസാമഗ്രികളും ഉപേക്ഷിച്ചു മടങ്ങാന്‍ റഷ്യന്‍ സൈനികര്‍ നിര്‍ബന്ധിതരാകുകയാണ്. ഇതിന്റെ രോഷം അവര്‍ക്കു സാധാരണക്കാര്‍ക്കു നേരേ പ്രയോഗിക്കുന്നതായി യുക്രെയ്ന്‍ ആരോപിക്കുന്നു.. മൈക്കലെയ്വിലും സാപൊറീഷ്യയിലും റഷ്യ എസ്300 മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തി. ഡൊണേറ്റ്സ്കില്‍ ജനങ്ങളോട് സുരക്ഷിതസ്ഥലങ്ങളിലേക്ക് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
യുക്രെയ്ന്‍ സൈന്യം ഒസ്കില്‍ നദീതീരത്തുകൂടി മുന്നേറ്റം തുടരുകയാണ്. ഇവിടെ അവര്‍ക്ക് കാര്യമായ ചെറുത്തുനില്‍പ് നേരിടേണ്ടിവരുന്നില്ല. യുക്രെയ്ന്‍ സൈന്യം തിരിച്ചുപിടിച്ച ഇസിയം നഗരത്തില്‍ പ്രസിഡന്റ് വൊലോഡിമിര്‍ സെലെന്‍സ്കി മിന്നല്‍ സന്ദര്‍ശനവും നടത്തി.
റഷ്യ പിടിച്ചെടുത്ത 8000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇതിനകം തിരിച്ചുപിടിച്ചതായി സെലെന്‍സ്കി അവകാശപ്പെട്ടു.