Advertisment

എം50യില്‍ പിഴയടയ്ക്കാതെ നിയമലംഘനം:ഏഴ് ഡ്രൈവര്‍മാര്‍ക്ക് 1,05,000 യൂറോ പിഴ ചുമത്തി

author-image
athira kk
Updated On
New Update

ഡബ്ലിന്‍ : എം50യില്‍ നിയമലംഘനം നടത്തിയ ഏഴ് ഡ്രൈവര്‍മാര്‍ക്ക് 1,05,000 യൂറോ പിഴ ചുമത്തി.തുടര്‍ച്ചയായി കത്തുകളയച്ചിട്ടും പിഴയൊടുക്കാതെ മുങ്ങി നടന്ന് നിയമത്തെ വെല്ലുവിളിച്ച അഞ്ച് പുരുഷന്മാരെയും രണ്ട് സ്ത്രീകളെയുമാണ് ഡബ്ലിന്‍ ജില്ലാ കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന്‍ ചെലവിനത്തില്‍ 350 യൂറോ നല്‍കാനും കോടതി വിധിച്ചു.സ്വകാര്യ കാറുകളുടെ ഉടമസ്ഥരാണ് ഇവരെല്ലാം.

Advertisment

publive-image

ജനുവരിയിലും ഫെബ്രുവരിയിലുമാണ് ഇവര്‍ അഞ്ചു തവണ വീതം ടോളുകള്‍ അടയ്ക്കാതിരുന്നത്.ഇവര്‍ക്കയച്ച വാണിംഗ് ലെറ്ററുകളുടെയും നിയമലംഘനങ്ങളുടെ വിശദാംശങ്ങളും ടി ഐ ഐ കോടതിയ്ക്ക് സമര്‍പ്പിച്ചിരുന്നു.280 തവണ ടോളുകള്‍ നല്‍കാത്ത ഡ്രൈവര്‍ക്ക് 750 കത്തുകളാണ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട് അയച്ചത്. എന്നിട്ടും ഇയാള്‍ പിഴയടയ്ക്കുകയോ നേരിട്ട് ഹാജരാവുകയോ ചെയ്തില്ലെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു.

ട്രാന്‍സ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ അയര്‍ലണ്ട്് ഡബ്ലിന്‍ ജില്ലാ കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നു.എന്നിരുന്നാലും, ഇവരാരും ഹിയറിംഗിനെത്തിയില്ല.പ്രതികള്‍ കോടതിയില്‍ ഹാജരായിട്ടില്ലെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ തോമസ് റൈസ് പറഞ്ഞു. എന്നിരുന്നാലും കേസ് തുടരണമെന്ന ഇദ്ദേഹത്തിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.തുടര്‍ന്നാണ് ജഡ്ജി ആന്റണി ഹാല്‍പിന്‍ ഓരോരുത്തരോടും 15,000 യൂറോ വീതം പിഴയടയ്ക്കാന്‍ ഉത്തരവിട്ടത്.മോട്ടോര്‍വേ അതോറിറ്റി പ്രശ്നത്തില്‍ ഇടപെടാത്ത പ്രശ്നവും ജഡ്ജി ചൂണ്ടിക്കാട്ടി.

പ്രൈവറ്റ് കാറിനുള്ള എം50യിലെ സ്റ്റാന്‍ഡേര്‍ഡ് ടോള്‍ 3.20യൂറോയാണ്.അത് അടുത്ത ദിവസം രാത്രി 8 മണിക്ക് മുമ്പ് അടയ്ക്കണം.അല്ലെങ്കില്‍ 3യൂറോ പിഴ ഈടാക്കും.14 ദിവസത്തിനുള്ളില്‍ ഈ പിഴയടയ്ക്കണം. അല്ലെങ്കില്‍ പിഴത്തുക ഉയരും.56 ദിവസത്തിന് ശേഷം അധിക ചാര്‍ജും ചുമത്താം. എന്നിട്ടും പിഴ അടച്ചില്ലെങ്കിലാണ് മുന്നറിയിപ്പ് കത്തുകള്‍ നല്‍കുക.തുടര്‍ന്നാണ് കോടതി നടപടികളുണ്ടാവുക.

Advertisment