റഷ്യന്‍ ആണവ ഭീഷണിയില്‍ ഞെട്ടിത്തരിച്ച് യുറോപ്പ് ,അപലപിച്ച് അമേരിക്കയും

author-image
athira kk
Updated On
New Update

ബ്രസ്സല്‍സ്: ഉക്രെയ്ന്‍ അതിന്റെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെങ്കില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ റഷ്യ തയാറെടുക്കയാണെന്ന പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ പ്രസ്താവനയില്‍ ഞെട്ടിത്തരിച്ച് യൂറോപ്പും ലോകവും. ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള ഭയാനകമായ സാധ്യതയുണര്‍ത്തുന്ന പുടിന്റെ പ്രസ്താവനകള്‍ ആണവ ദുരന്തത്തെക്കുറിച്ചുള്ള ഭയം ലോകമെമ്പാടും ആശങ്കയുണര്‍ത്തുന്നുവെന്ന് വിദഗ്ധരും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പുടിന്‍, ക്രെംലിന്‍ സംഘടിപ്പിച്ച ‘റഫറണ്ടങ്ങള്‍ക്ക്’ ശേഷം തെക്കന്‍, കിഴക്കന്‍ ഉക്രെയ്‌നിലെ നാല് ഭാഗിക അധിനിവേശ പ്രദേശങ്ങള്‍ റഷ്യയോട് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി സ്ഥിരീകരിച്ചു.

റഷ്യയുടെ തുടര്‍ച്ചയായുള്ള അനാവശ്യ ആണവ ഭീഷണികളെ തുറന്നപലപിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി.യു എന്‍ അടിസ്ഥാന തത്വങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയാണ് റഷ്യയെന്ന് ന്യൂയോര്‍ക്കല്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യവേ ബൈഡന്‍ ആരോപിച്ചു.

യു എന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാന തത്വങ്ങള്‍ റഷ്യ ലംഘിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ആരോപിച്ചു. ഉക്രൈന്‍ നടപടിയ്ക്ക് ശേഷം പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വിവേചനരഹിതമായ ആണവ ഭീഷണികളാണ് മുഴക്കുന്നതെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി.പാശ്ചാത്യ രാജ്യങ്ങള്‍ ആണവ ഭീഷണി തുടര്‍ന്നാല്‍ മോസ്‌കോ അതിശക്തിയായി തിരിച്ചടിക്കുമെന്നാണ് പുടിന്‍ പറയുന്നത്.എന്നാല്‍ ആരും റഷ്യയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബൈഡന്‍ പറഞ്ഞു. റഷ്യയല്ലാതെ മറ്റൊരു രാജ്യവും സംഘര്‍ഷത്തിനും ശ്രമിച്ചിട്ടില്ല.

റഷ്യന്‍ സൈന്യം സ്‌കൂളുകളും റെയില്‍വേ സ്റ്റേഷനുകളും, ആശുപത്രികളും ആക്രമിച്ചു. ഒരു രാജ്യമെന്ന നിലയിലുള്ള ഉക്രൈയ്നിന്റെ അവകാശത്തെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണിത് ചെയ്തത്.ആണവയുദ്ധം ജയിക്കാന്‍ കഴിയില്ല.അതിന് ഒരിക്കലും മുതിരരുതെന്ന് ബൈഡന്‍ ഓര്‍മ്മിപ്പിച്ചു.

റഷ്യയ്‌ക്കെതിരായ ഉപരോധത്തിനിടയിലും ഭക്ഷ്യവസ്തുക്കളും വളങ്ങളും കയറ്റുമതി ചെയ്യാന്‍ യു എസ് അനുവദിക്കുന്നുണ്ടെന്ന് യു എസ് പ്രസിഡന്റ് പറഞ്ഞു.മറ്റുള്ളവര്‍ക്കു മേല്‍ കുറ്റം ചുമത്തുന്നതിനായി തുടര്‍ച്ചയായി നുണ പ്രചാരണം നടത്തുകയാണ് പുടിന്‍.ആഗോള ഭക്ഷ്യ പ്രതിസന്ധിക്കു കാരണം ഉപരോധമാണെന്നൊക്കെയുള്ള പ്രചാരണം ഇതിന്റെ ഭാഗമാണ്.യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ വികസിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഉക്രൈയ്ന്‍ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ പ്രത്യേക യോഗത്തില്‍ ഐറിഷ് വിദേശ കാര്യമന്ത്രി സൈമണ്‍ കോവനെയും ,ഇറ്റലി അടക്കമുള്ള മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.യു എന്‍ സമാധാന പരിപാലനത്തിനുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ ജീന്‍ പിയറി ലാക്രോയിക്സും പരിപാടിയില്‍ പങ്കെടുക്കും.രാഷ്ട്രത്തലവന്‍മാര്‍ക്കായി പ്രസിഡന്റ് ബൈഡന്‍ നടത്തുന്ന റിസപ്ഷനില്‍ പങ്കെടുക്കുന്നതിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ ന്യൂയോര്‍ക്കിലെത്തിയിട്ടുണ്ട്.

Advertisment