കേരള സമാജം ഹാംബുര്‍ഗ് തിരുവോണം ആഘോഷിച്ചു

author-image
athira kk
Updated On
New Update

ഹാംബുര്‍ഗ് : ഹാംബുര്‍ഗ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 24 നു വിപുലമായി ആള്‍ടോണായിലെ ബ്യുര്‍ഗ്ഗര്‍ ഹൗസില്‍ നടത്തി. ഹാംബുര്‍ഗ് കോണ്‍സുല്‍ ഗുല്‍ഷന്‍ ദിന്‍ഗ്ര ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഔദ്യോഗികമായ ഉത്ഘാടനം നിര്‍വഹിച്ചു. ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇതര സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുടെയും വിവിധ രാജ്യങ്ങളിലെ സഹൃദയരുടെയും പങ്കാളിത്തം ശ്രദ്ധേയമായി.

Advertisment

ജര്‍മ്മന്‍ നര്‍ത്തകിയായ കാത്യ ശിവാനിയും സംഘവും അവതരിപ്പിച്ച ക്ളാസിക്കല്‍ നൃത്തം, കേരള സമാജം കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച കഥക് ~ ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നിവ കൂടാതെ ഗായികാ ഗായകന്മാരുടെ ലളിത സംഗീതം, സംഘഗാനം, സിനിമ ഗാനങ്ങള്‍, ഉപകരണ സംഗീതം എന്നിവയും, കുട്ടികലാകാരന്മാരുടെ പിയാനോയും കലാകാരിമാരുടെ നൃത്തങ്ങളും സ്കിറ്റും ഉള്‍പ്പെട്ട കലാപരിപാടികള്‍ കൂടാതെ വിഭവ സമൃദ്ധമായ ഓണ സദ്യയും ഇപ്രാവശ്യത്തെ ഓണപ്പരിപാടിക്ക് മാറ്റു കൂട്ടി. സുപ്രസിദ്ധ സിനിമ~നാടക നടന്‍ പ്രകാശ് ബാരെ ഓണ്‍ലൈനില്‍ പ്രവാസി സമൂഹത്തിന്റെ ഗൃഹാതുരത്വത്തെകുറിച്ചുള്ള കാഴ്ചപ്പാടിനെപ്പറ്റി സംസാരിച്ച് ഓണാശംസകള്‍ നേര്‍ന്നു.

ഉച്ചക്ക് ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സര ഇനങ്ങള്‍ക്കും ആവേശം നിറഞ്ഞ വടംവലിക്കും ശേഷം ഗാവിന്‍ മാരിയോയുടെ ഡിജെ യോട് കൂടി ഓണാഘോഷം സമാപിച്ചു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കായുള്ള സമ്മാനദാനം ഹാംബുര്‍ഗ് കോണ്‍സുല്‍ ഗുല്‍ഷന്‍ ദിന്‍ഗ്ര നിര്‍വഹിച്ചു.

കേരള സമാജം ഭാരവാഹികളെ കൂടാതെ പങ്കെടുത്ത എല്ലാവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് മുന്നിട്ടിറങ്ങിയത് പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയ്ക്ക് മാതൃകയായി.

Advertisment