എന്‍ എച്ച് എസില്‍ നിന്നും നഴ്സുമാര്‍ ‘ഓടിരക്ഷപ്പെടുന്നു’,കഴിഞ്ഞ വര്‍ഷം മാത്രം ഫീല്‍ഡ് വിട്ടത് 40000 നഴ്സുമാര്‍

author-image
athira kk
New Update

ലണ്ടന്‍ : ദീര്‍ഘകാലമായി ബ്രിട്ടനില്‍ ജോലി ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള കെയറര്‍മാര്‍ക്ക് ഐ ഇ എല്‍ ടി സോ ,ഓ ഇ ടി യോ പാസായില്ലെങ്കിലും,വേണ്ടത്ര ഇംഗ്‌ളീഷ് പരിജ്ഞാനം ഉണ്ടെങ്കില്‍ നഴ്‌സുമാരാകാമെന്ന ബ്രിട്ടീഷ് നഴ്സിംഗ് കൗണ്‍സിലില്‍ നിര്‍ദേശത്തിന് പിന്നിലുള്ള യാഥാര്‍ത്ഥകാരണം പുറത്തുവരുന്നു.മലയാളികള്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിരന്തര ശ്രമങ്ങള്‍ക്ക് ശേഷമാണ് നഴ്സിംഗ് കൗണ്‍സില്‍ ഈ തീരുമാനം എടുത്തത്.ബ്രിട്ടനിലെ ആയിരക്കണക്കിന് ഇന്ത്യന്‍ കെയറര്‍മാര്‍ക്ക് ആശകരമായ ഒരു നയം തന്നെയാണെന്നതില്‍ സംശയമില്ല.

Advertisment

publive-image

ഇംഗ്ലണ്ടിലെ എന്‍ എച്ച് എസിലെ ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം റെക്കോഡിലേയ്ക്ക് നീങ്ങുന്നുവെന്ന പഠനമാണ് ഇന്നലെ പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 40,000 പേരാണ് എന്‍ എച്ച് എസ് വിട്ടത്.ഇവിടുത്തെ നഴ്സുമാരില്‍ ഒമ്പതിലൊരാള്‍ ജോലി ഉപേക്ഷിക്കുന്നതായാണ് നഫ്ഫീല്‍ഡ് ട്രസ്റ്റ് തിങ്ക് ടാങ്ക് നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

ഇവരില്‍ പലരും എന്‍ എച്ച് എസില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരും ഉയര്‍ന്ന വൈദഗ്ധ്യവും അറിവുമുള്ള നഴ്‌സുമാരാണെന്നും പഠനം പറയുന്നു. വര്‍ഷങ്ങളുടെ സര്‍വ്വീസ് ബാക്കിനില്‍ക്കേയാണ് ഇവര്‍ ഫീല്‍ഡ് വിടുന്നത്.ഇവരുടെ കൊഴിഞ്ഞുപോക്ക് പുതിയതായി ജോലിയ്ക്കെത്തുന്നവരുടെ എണ്ണത്തെ നിഷ്പ്രഭമാക്കുന്നതാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷം ജൂണ്‍ അവസാനം വരെ 4,000 പേരാണ് എന്‍ എച്ച് എസില്‍ പുതിയതായി എത്തിയത്. എന്‍ എച്ച് എസ് വിട്ടു പോകുന്നവരുടെ പത്തിലൊന്നു മാത്രം. എങ്കിലും ജൂണിന് ശേഷം ബ്രിട്ടനിലേക്ക് ഊര്‍ജിതമായ റിക്രൂട്ട്‌മെന്റും,നിയമനവും നടക്കുന്നുണ്ട്.പുതിയതായി നിയമിക്കപ്പെടുന്ന നഴ്‌സുമാരിൽ അമ്പത് ശതമാനം വരെ മലയാളി നഴ്സുമാരാണെന്ന പ്രത്യേകതയും ശ്രദ്ധേയമാകുന്നുണ്ട്.

സ്‌കോട്ട്‌ലന്‍ഡിലടക്കം യു കെയുടെ മറ്റ് ഭാഗങ്ങളിലും സമാനമായ പ്രശ്നങ്ങള്‍ നേരിടുകയാണ്. വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഗണ്യമായ എണ്ണം നഴ്സുമാര്‍ ഫീല്‍ഡ് വിടുന്നുണ്ട്. വ്യക്തിപരമായ സാഹചര്യങ്ങള്‍, അമിത ജോലി സമ്മര്‍ദ്ദം, വര്‍ക്ക് പ്ലേസ് കള്‍ച്ചര്‍ എന്നിവയാണ് നഴ്സുമാര്‍ ഓടിരക്ഷപ്പെടുന്നതിന് കാരണമായി കണ്ടെത്തിയിട്ടുള്ളത്. മറ്റ് ജോലികള്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന വേതനവും ആളുകളെ പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു.

വര്‍ധിച്ച പണപ്പെരുപ്പത്തിനിടയില്‍ ശമ്പളം വെട്ടിക്കുറച്ചത് നഴ്സുമാരെയും മറ്റ് ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിരുന്നു.ഇതു മൂലം പലരും നഴ്സിംഗ് ഫീല്‍ഡ് വിട്ട് മറ്റു ജോലികളില്‍ പ്രവേശിച്ചു. ചിലര്‍ പെന്‍ഷന്‍ സംഭാവനകള്‍ നിര്‍ത്തി. ഭക്ഷണം ഒഴിവാക്കിയവരുമുണ്ട്.

കമ്യൂണിറ്റിയില്‍ ജോലി ചെയ്യുന്ന നഴ്സുമാരാണ് ജോലി ഉപേക്ഷിച്ച് പോയവരിലേറെയും. സര്‍വ്വീസിലുള്ളവരില്‍ 43% പേരും റിട്ടയര്‍മെന്റിന് മുമ്പ് ജോലി ഉപേക്ഷിച്ചതായി മറ്റൊരു സര്‍വേയും കണ്ടെത്തിയിരുന്നു.

ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് എന്‍ എച്ച് എസ് മാനേജര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഏറ്റവും പുതിയ കണക്കുകള്‍ കാണിക്കുന്നത് 10 നഴ്സിംഗ് തസ്തികകളില്‍ ഒന്ന് ഒഴിഞ്ഞുകിടക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു.12000 പൗണ്ട് വരെയാണ് പുതിയ ഒരു നഴ്സിനെ നിയമിക്കാനുള്ള ചിലവുകളും,റീ ലൊക്കേഷന്‍ അലവന്‍സുകളുമായി നല്‍കുന്നതെന്നാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

എന്‍ എച്ച് എസില്‍ പുതുതായി നിയമിക്കാനുള്ള നഴ്‌സുമാരുടെ എണ്ണം 50,000 ആയി വര്‍ധിപ്പിക്കാനുള്ള ലക്ഷ്യം പാതിവഴിയിലാണെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് വക്താവ് പറഞ്ഞു.പുതിയ നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിര്‍ത്തുന്നതിനും പുതിയ തന്ത്രം ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നഴ്‌സുമാരുടെ എണ്ണം നിലനിര്‍ത്താന്‍ അടിയന്തരമായ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് നഫീല്‍ഡ് ട്രസ്റ്റ് ആവശ്യപ്പെട്ടു.

Advertisment