റഷ്യ വീറ്റോ ചെയ്തു,അധിനിവേശ ഹിതപരിശോധനയെ അപലപിക്കാനുള്ള അമേരിക്കന്‍ നീക്കം പാളി, ഇന്ത്യയും ചൈനയും വിട്ടു നിന്നു

author-image
athira kk
Updated On
New Update

ന്യൂയോര്‍ക്ക് : ഉക്രൈയ്ന്‍ ആക്രമണത്തെ അപലപിക്കാനുള്ള പാശ്ചാത്യ ശക്തികളുടെ ശ്രമം പാളി. റഷ്യയുടെ വീറ്റോയിലാണ് ഇതു സംബന്ധിച്ച യു എന്‍ രക്ഷാസമിതി പ്രമേയം പരാജയപ്പെട്ടത്.ചൈനയും ഇന്ത്യയും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.റഷ്യയുടെ വീറ്റോ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചൈനയുടെ പിന്തുണ ലഭിക്കാത്തത് പാശ്ചാത്യ ശക്തികള്‍ക്ക് ആഹ്ലാദം നല്‍കുന്നു. യു എന്‍ ജനറല്‍ അസംബ്ലിയില്‍ ഇതു സംബന്ധിച്ച നീക്കം നടത്തി റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാനാണ് യു എസിന്റെ അടുത്ത നീക്കം.

Advertisment

publive-image

ഉക്രൈയ്നിലെ റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നടന്ന ഹിത പരിശോധന നിയമവിരുദ്ധമാണെന്നും ഉക്രെയ്നിന്റെ അതിര്‍ത്തികളില്‍ മാറ്റങ്ങളൊന്നും അംഗീകരിക്കില്ലെന്നും അറിയിക്കുന്നതായിരുന്നു അമേരിക്കന്‍ പ്രമേയം.ഫെബ്രുവരി 24ന് തുടക്കമിട്ട ആക്രമണം അവസാനിപ്പിച്ച് ഉക്രൈയ്നില്‍ നിന്ന് ഉടന്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും പ്രമേയം റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

അധിനിവേശത്തിലൂടെ പിടിച്ചെടുത്ത ഉക്രൈയ്ന്‍ പ്രദേശങ്ങള്‍ മോസ്‌കോ ഏറ്റെടുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് അമേരിക്കയുടെ ഉക്രൈയ്ന്‍ അനുകൂല നീക്കമുണ്ടായത്. ഈ പ്രദേശങ്ങളെ ഏറ്റെടുക്കണമോ എന്നതു സംബന്ധിച്ച് ക്രംലിന്‍ ഹിതപരിശോധനയും നടത്തിയിരുന്നു.

ഇനി ഒരിക്കലും ഒരു രാജ്യത്തിന്റെ പ്രദേശം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ മറ്റൊന്നിനെ അനുവദിക്കില്ല എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ കെട്ടിപ്പടുത്തതെന്ന് യു എന്നിലെ യു എസ് അംബാസഡര്‍ ലിന്‍ഡ തോമസ് പറഞ്ഞു.ഈ വിഷയത്തില്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്ക വോട്ട് തേടുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു.

സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗത്തെ അപലപിക്കുന്നത് മുമ്പെങ്ങും ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ കുറ്റപ്പെടുത്തി.

ഉക്രെയ്ന്‍ ആക്രമണത്തിനായി 300,000 സൈനികരെ കൂടി അണിനിരത്തുമെന്ന് മോസ്‌കോ പ്രഖ്യാപിച്ചതിന് പിന്നാലെ യു എസും ഇയുവും ഉപരോധം ശക്തമാക്കിയിട്ടുണ്ട്. .ഉക്രൈയ്ന് 12ബില്യണ്‍ ഡോളറിന്റെ അധിക സാമ്പത്തിക സഹായം പരിഗണിക്കുകയാണെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

അതിനിടെ നാറ്റോയിലേയ്ക്കുള്ള അംഗത്വം ഉടന്‍ അനുവദിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച അപേക്ഷയിലും പ്രസിഡന്റ് ഒപ്പിട്ടു.ലുഗാന്‍സ്‌ക്, ഡൊനെറ്റ്സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ എന്നിവ കൂട്ടിച്ചേര്‍ക്കുന്നതിനു റഷ്യ തീരുമാനിച്ചതിന് പിന്നാലെയാണിത്.

ഏതാണ്ട് ഉക്രൈയിനിന്റെ 20 ശതമാനം വരുന്ന പ്രദേശങ്ങളാണ് റഷ്യ സ്വന്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാനും ചര്‍ച്ചയ്ക്ക് സന്നദ്ധമാകാനും റഷ്യ ഉക്രൈയ്നോട് ആവശ്യപ്പെട്ടു.ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ ഏകകണ്ഠമായി റഷ്യയോടൊപ്പം ചേരണമെന്ന് അഭിപ്രായപ്പെട്ടതായും റഷ്യ അവകാശപ്പെടുന്നു.

Advertisment