ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.പ്രമുഖ സമൂഹമാധ്യമമായ ട്വിറ്റർ വാങ്ങാൻ സന്നദ്ധനാണെന്നു ശതകോടീശ്വരൻ ഇലോൺ മസ്ക് അറിയിച്ചിരുന്നു. ഇതിനെ ചുറ്റിപറ്റി നിരവധി വാർത്തകളും പ്രചരിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതാതർക്കം പ്രശ്നമല്ലെന്നും വരുംമാസങ്ങളിൽതന്നെ പിരിച്ചുവിടൽ ആരംഭിക്കുമെന്നുമാണു സൂചന.
വാഷിങ്‌ടൺ പോസ്റ്റാണു ഈ വാർത്ത പുറത്തുവിട്ടത്.റിപ്പോർട് അനുസരിച്ച് ട്വിറ്റർ വാങ്ങുന്നതിന് ജീവനക്കാരെ പിരിച്ചു വിടണമെന്ന ഉപാധി മസ്ക് മുന്നോട്ടുവച്ചെന്നാണു പറയുന്നത്. ഇതോടെ 7,500 പേർക്കു തൊഴിൽ നഷ്ടമായേക്കുമെന്നും സൂചനകൾ ഉണ്ട്. അടുത്ത വർഷം അവസാനത്തോടെ ശമ്പളച്ചെലവിൽ 800 ദശലക്ഷം ഡോളർ കുറവുവരുത്താൻ നിലവിലെ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.
ഇതിനു പിന്നാലെയാണു പിരിച്ചുവിടൽ വാർത്ത വരുന്നത് . ഇതോടെ ട്വിറ്റർ കേസുമായി കോടതിയെ സമീപിച്ചപ്പോഴാണ് ആദ്യം പറഞ്ഞ വിലയ്ക്കു തന്നെ കമ്പനി വാങ്ങാമെന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയാണ് കരാര്‍ പ്രകാരം അംഗീകരിച്ചതെന്നാണു ട്വിറ്റര്‍ പറയുന്നത്. ട്വിറ്റർ ഏറ്റെടുക്കാനുള്ള മസ്കിന്റെ നീക്കം കഴിഞ്ഞമാസം ഓഹരിയുടമകൾ അംഗീകരിച്ചിരുന്നു.