ഒരു വര്‍ഷത്തിനിടെ മാള്‍ട്ടയിലെത്തിയത് 13140 ഇന്ത്യക്കാര്‍

author-image
athira kk
New Update

വലേറ്റ : ഇന്ത്യയില്‍ നിന്നും ജോലി തേടി മാള്‍ട്ടയിലെത്തുന്നവരുടെ എണ്ണത്തില്‍ റിക്കോര്‍ഡ് വര്‍ദ്ധനവ്. മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കൂടിയ ശതമാനക്കണക്കിലാണ് മാള്‍ട്ടയില്‍ എത്തിയ ഇന്ത്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചത്.

Advertisment

publive-image

ന്യൂഡല്‍ഹിയിലെ മാള്‍ട്ടാ ഹൈക്കമ്മീഷന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 13,140 യാത്രാ വിസകളാണ് ഇന്ത്യാക്കാര്‍ക്കായി അനുവദിച്ചത്. വിദേശകാര്യ മന്ത്രി ഇയാന്‍ ബോര്‍ഗ് തിങ്കളാഴ്ച പാര്‍ലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം.നാഷണലിസ്റ്റ് എംപി ചാള്‍സ് അസോപാര്‍ഡിയുടെ ചോദ്യത്തിന് മറുപടിയായാണ് ഈ കണക്കുകള്‍ വ്യക്തമാക്കിയത്.കഴിഞ്ഞ ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ വിസകള്‍ അനുവദിച്ചത്. 2,940 വിസകളാണ് ഈ സമയത്ത് നല്‍കിയത്.

നഴ്സുമാര്‍, കെയറര്‍മാര്‍, ഡ്രൈവര്‍മാര്‍ ,ഇലക്ട്രീഷ്യന്മാര്‍, ഫുഡ് ഡെലിവറിക്കാര്‍ തുടങ്ങി നിരവധി തൊഴിലാളികളാണ് മാള്‍ട്ടയില്‍ പുതു ജീവിതം തേടി എത്തുന്നത്. ഇവിടെയെത്തുന്ന ചില തൊഴിലാളികള്‍ ജീവിക്കാനാവശ്യമായ വേതനമില്ലാതെ വലയുന്നതിന്റെ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇവിടുത്തെ ഫുഡ് കൊറിയര്‍മാരുടെ ദുരിതജീവിതം വലിയ ചര്‍ച്ചയായിരുന്നു.നാട്ടില്‍ നിന്നും പറഞ്ഞുറപ്പിച്ച വേതനം നല്‍കാതെ കബളിപ്പിക്കപ്പെട്ടവരുടെ കഥകള്‍ മധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നിട്ടും മാള്‍ട്ടയിലേയ്ക്കെത്തുന്നവരുടെ എണ്ണത്തില്‍ കുറവൊന്നുമില്ലെന്ന് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു.

ഇന്ത്യയും മാള്‍ട്ടയും തമ്മിലുള്ള വ്യാപാര തൊഴില്‍ ബന്ധങ്ങള്‍ പൂര്‍വാധികം മെച്ചപ്പെടുകയാണ്. ഓഗസ്റ്റില്‍ മാള്‍ട്ടയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി വിദേശകാര്യ മന്ത്രി ഇയാന്‍ ബോര്‍ഗുമായി വ്യാപാര രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

മൂന്നാം രാജ്യക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് മാള്‍ട്ടയിലെ മുന്‍നിര റിക്രൂട്ടര്‍മാരായ റിക്രൂട്ട് ജയന്റ് ന്യൂഡല്‍ഹിയില്‍ പുതിയ ഓഫീസ് ആരംഭിച്ചിരുന്നു. മാള്‍ട്ടയില്‍ തൊഴില്‍ വിസ തേടുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായിക്കുന്നതിനായിരുന്നു ഇത്.

Advertisment