ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന വേണോയെന്നറിയാന്‍ വോട്ടെടുപ്പുമായി എന്‍ എച്ച് എസ്.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ശമ്പളത്തിനെതിരെ നഴ്സുമാര്‍ പണിമുടക്കിന് തയ്യാറെടുക്കുന്നതിനിടെയാണ് ശമ്പള വര്‍ധന ആവശ്യമുണ്ടോയെന്ന് വോട്ടെടുപ്പിലൂടെ വിധിയെഴുതാന്‍ എന്‍ എച്ച് എസ് ആവശ്യപ്പെട്ടിരിക്കുന്നത്. 3,00,000 അംഗങ്ങളോടാണ് ഈ ആവശ്യമുന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിസമാരംഭിച്ച വോട്ടെടുപ്പ് നവംബര്‍ രണ്ടിന് അവസാനിക്കും.
നിലവിലെ പണപ്പെരുപ്പത്തെ മറികടക്കുന്ന ശമ്പള വര്‍ദ്ധനവാണ് ആര്‍ സി എന്‍ ആവശ്യപ്പെടുന്നത്.
പേ റിവ്യു ബോഡി ശുപാര്‍ശ ചെയ്തതനുസരിച്ച് മൂന്നു ശതമാനം വേതന വര്‍ധനയാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് ആഴ്ചയില്‍ നഴ്‌സുമാരുടെ വേതനത്തില്‍ 72 പൗണ്ടിന്റെ വ്യത്യാസം മാത്രമേ കൊണ്ടുവരികയുള്ളു. പണപ്പെരുപ്പത്തേക്കാള്‍ അഞ്ച് ശതമാനം ഉയര്‍ന്ന നിരക്കില്‍ വേതനം ലഭിക്കണമെന്നാണ് നഴ്സുമാരുടെ ആവശ്യം.ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഇനിയും മികച്ച ഒട്ടേറെ നഴ്സുമാരെ നഷ്ടമാകുമെന്ന് യൂണിയന്‍ ഓര്‍മ്മിപ്പിക്കുന്നു .നഴ്സുമാരുടെ യഥാര്‍ഥ വരുമാനം സ്വകാര്യ മേഖലയിലെ ജീവനക്കാരുടേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6% കുറവാണെന്ന് ലണ്ടന്‍ ഇക്കണോമിക്‌സിന്റെ പുതിയ വിശകലനം കണ്ടെത്തിയിരുന്നു.
മാന്യമായ ശമ്പളം നല്‍കിയില്ലെങ്കില്‍ നഴ്സുമാരെ കാണില്ലെന്ന് ആര്‍ സി എന്‍ മേധാവി
എന്‍ എച്ച് എസില്‍ നിന്നുള്ള നഴ്സുമാരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാന്‍ മാന്യമായ ശമ്പളം നല്‍കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിന്റെ നോര്‍ത്തേണ്‍ അയര്‍ലണ്ട് മേധാവി.നഴ്സുമാര്‍ പണിമുടക്കിനൊരുങ്ങുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി പാറ്റ് കുല്ലന്റെ ഈ പ്രതികരണം.
ആരോഗ്യ സേവന മേഖലയെ സംരക്ഷിക്കാന്‍ നഴ്സുമാര്‍ കഷ്ടപ്പെടുകയാണെന്ന് യൂണിയന്‍ പറയുന്നു. ജീവനക്കാരുടെ കുറവു കാരണം രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം നല്‍കാന്‍ പാടുപെടുകയാണ്.രാജ്യത്തുടനീളം ലക്ഷക്കണക്കിന് നഴ്‌സുമാരുടെ ഒഴിവുകളുണ്ട്. അതിനിടയിലും നഴ്സുമാര്‍ ഫീല്‍ഡ് വിടുന്നത് തുടരുകയാണ്.രോഗികള്‍ക്ക് സുരക്ഷിതമായ പരിചരണം നല്‍കാന്‍ അവശേഷിക്കുന്ന നഴ്സുമാര്‍ പാടുപെടുകയാണ്. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ രോഗികള്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു. ഈ പ്രശ്നവും പരിഹരിക്കപ്പെടേണ്ടതാണെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടുന്നു.