ലണ്ടന്‍: ബ്രിട്ടീഷ് ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ്ങിനെ പ്രധാനമന്ത്രി ലിസ് ട്രസ് തല്‍സ്ഥാനത്തുനിന്ന് പുറത്താക്കി. പകരം, മുന്‍വിദേശകാര്യമന്ത്രി ജെറമി ഹണ്ടിനാണ് ധന വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മിനിബജറ്റിലെ നികുതി ഇളവുകളുടെ പ്രഖ്യാപനം സാമ്പത്തികരംഗത്തുണ്ടാക്കിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണു നടപടി.
ആറാഴ്ച മാത്രമാണ് ക്വാര്‍ട്ടെങ് ചാന്‍സലറുടെ കസേരയിലിരുന്നത്. വാഷിങ്ടനില്‍ ഐഎംഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട അദ്ദേഹത്തെ തിരിച്ചുവിളിച്ചു പ്രധാനമന്ത്രി രാജി ചോദിച്ചു വാങ്ങുകയായിരുന്നു. ധനകാര്യ വകുപ്പിലെ സഹമന്ത്രി ക്രിസ് ഫിലിപ്പും പുറത്തായി. പകരം എഡ്വേഡ് ആര്‍ഗര്‍ നിയമിതനായി.
ഹണ്ടിനെ ചാന്‍സലറാക്കിയ ട്രസിന്റെ നടപടിയും അപ്രതീക്ഷിതമായി. ആരോഗ്യവകുപ്പും കൈകാര്യം ചെയ്തിട്ടുള്ള ജെറമി ഹണ്ട്, പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തില്‍ ട്രസിന്റെ എതിരാളി ഋഷി സുനകിനെയായിരുന്നു പിന്തുണച്ചിരുന്നത്.
ഇതിനിടെ, ആഗോള വിപണിയിലും പ്രത്യാഘാതമുണ്ടാക്കിയ ധനനയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകുന്നതിനിടെ, ട്രസിനെ നീക്കം ചെയ്തു ഋഷി സുനകിനെ നേതാവായി കൊണ്ടുവരാന്‍ വിമതര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
നികുതി ഇളവുകള്‍ക്കെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നതോടെ പ്രഖ്യാപനങ്ങളിലേറെയും പിന്‍വലിക്കുമെന്നും ട്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഇളവു ചെയ്ത കോര്‍പറേറ്റ് നികുതി ഉയര്‍ത്തുമെന്നും പറഞ്ഞു.