ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും അയര്‍ലണ്ടും. ഇത് സംബന്ധിച്ചുള്ള ഇരു രാജ്യങ്ങളുടെയും വിദേശകാര്യ വകുപ്പുകള്‍ തമ്മിലുള്ള ഒമ്പതാമത് ചര്‍ച്ച ഇന്നലെ ന്യൂഡല്‍ഹിയില്‍ നടത്തപ്പെട്ടു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി സഞ്ജയ് വര്‍മ്മയും ഐറിഷ് വിദേശകാര്യ പൊളിറ്റിക്കല്‍ ഡിവിഷന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ സോഞ്ജ ഹൈലാന്‍ഡുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
വികസനവും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുന്നതിലുള്ള പരസ്പര പങ്കാളിത്തത്തിനുള്ള പ്രതിബദ്ധത ഇരുപക്ഷവും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.അടുത്ത വട്ടം ചര്‍ച്ചകള്‍ ഡബ്ലിനിലാണ് നടക്കുക.സൗകര്യപ്രദമായ തീയതി പിന്നീട് തീരുമാനിക്കാമെന്നുറപ്പിച്ചാണ് യോഗം പിരിഞ്ഞത്.
രാഷ്ട്രീയ ഇടപെടലുകള്‍, വ്യാപാര-നിക്ഷേപ കാര്യങ്ങള്‍, വ്യോമയാന മേഖലയിലെ സഹകരണം,ഐസിടി, ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത് കെയര്‍, അഗ്രി-ടെക്, എസ്&ടി, റിന്യൂവബിള്‍ എനര്‍ജി, നൂതന സാങ്കേതികവിദ്യകള്‍, വിദ്യാഭ്യാസം- നൈപുണി വികസനം,കോണ്‍സുലര്‍ പ്രശ്നങ്ങള്‍, ടൂറിസം, സാംസ്‌കാരിക സഹകരണം, യൂറോപ്യന്‍ യൂണിയന്‍, ഇന്തോ-പസഫിക്, യുഎന്നിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും സഹകരണം, യു എന്‍ എസ് സി പരിഷ്‌കാരങ്ങള്‍, തീവ്രവാദം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളിലാണ് ഇരു കൂട്ടരും ചര്‍ച്ചകള്‍ നടത്തിയത്.ഉക്രൈയ്ന്‍, അഫ്ഗാനിസ്ഥാന്‍, ഡി പി ആര്‍ കെ, മ്യാന്‍മര്‍ എന്നിവിടങ്ങളിലെ സുരക്ഷാ പ്രശ്നങ്ങളും ഇരുപക്ഷവും ചര്‍ച്ച ചെയ്തു.