ഡബ്ലിന്‍ : ഇന്റര്‍നാഷണല്‍ കള്ളപ്പണ മാഫിയാ സംഘത്തിലുള്‍പ്പെട്ട അയര്‍ലണ്ടിലെ കണ്ണികളെക്കുറിച്ച് ഗാര്‍ഡ-ഇന്റര്‍പോള്‍ സംയുക്താന്വേഷണം തുടങ്ങി. 2020ല്‍ നടത്തിയ തിരച്ചിലിനിടെ ഗാര്‍ഡ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണ് ഇന്റര്‍ നാഷണല്‍ അന്വേഷണം തുടങ്ങിയത്.സംഭവവുമായി ബന്ധപ്പെട്ട് 264 പേരെ ഇതിനകം അറസ്റ്റു ചെയ്തു.135കേസുകളും ചാര്‍ജ്ജ് ചെയ്തു. നാല് ഭൂഖണ്ഡങ്ങളിലായി 13 രാജ്യങ്ങളിലാണ് ഈ അന്വേഷണം നടത്തുന്നതെന്ന് ഇന്റര്‍പോളിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ആന്റ് ആന്റി കറപ്ഷന്‍ സെന്റര്‍ ഡയറക്ടര്‍ റോറി കോര്‍കോറന്‍ പറഞ്ഞു.
വെസ്റ്റ് ആഫ്രിക്കയിലെ ബ്ലാക്ക് ആക്‌സ് മാഫിയ സംഘം വെളുപ്പിച്ചെടുത്ത ഏതാണ്ട് 64 മില്യണ്‍ യൂറോയുടെ കള്ളപ്പണത്തെക്കുറിച്ച് ഓപ്പറേഷന്‍ സ്‌കീന്‍ സംഘമാണ് അന്വേഷിക്കുന്നത്.അയര്‍ലണ്ടിലെ വിവിധ മേല്‍വിലാസങ്ങളില്‍ നിന്ന് 4000 ഇടപാടുകളാണ് ഇതിന്റെ ഭാഗമായി നടന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.
ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കം കൂടുതല്‍ ഇടനിലക്കാര്‍ കള്ളപ്പണവ്യാപാരത്തിനായിമാത്രം അയര്‍ലണ്ടില്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
യൂറോ ഇവിടെ വാങ്ങി വിവിധ രാജ്യങ്ങളില്‍ പണം നല്‍കുന്ന സംഘങ്ങളെ കുറിച്ചും അന്വേഷണം തുടരുന്നുണ്ട്. നാമമാത്ര ജോലികള്‍ ചെയ്ത് ശേഷം കള്ളപ്പണം അകൗണ്ടുകളിലും അല്ലാതെയും സമാഹരിച്ച് വിവിധ രാജ്യങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനത്തിനായി അയയ്ക്കുന്ന മത പ്രവര്‍ത്തനങ്ങളെ കുറിച്ചും ഗാര്‍ഡ അന്വേഷിക്കുന്നുണ്ട്.കാര്യമായി കണക്കുകള്‍ പരിശോധിക്കേണ്ടാത്ത ഇന്റര്‍ നാഷണല്‍ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ഇവരുടെ കള്ളക്കളികള്‍. അടുത്ത മാസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
1970കളില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രൂപം കൊണ്ട ബ്ലാക്ക് ആക്സ് കള്ളപ്പണ മാഫിയാ സംഘത്തിലെ അംഗങ്ങളും അയര്‍ലണ്ടില്‍ സജീവമാണെന്ന് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡെറ്റ് സൂപ്രണ്ട് മൈക്കല്‍ ക്രയാന്‍ വെളിപ്പെടുത്തി. ഇടനിലക്കാരും ഏജന്റുമാരുമടങ്ങിയ വലിയ ശൃംഖലയായാണ് ഇവരുടെ പ്രവര്‍ത്തനം.
ഈ വലിയ മാഫിയാ ശൃംഖലയിലെ കണ്ണിയാണെന്നറിയാതെയാണ് ഇവരില്‍ പലരും പ്രവര്‍ത്തിക്കുന്നത്.ഇവരുടെ അക്കൗണ്ടിലൂടെ വെളുപ്പിക്കുന്നത് കള്ളപ്പണമാണെന്നും ഇവര്‍ക്ക്് അറിവുണ്ടായിരിക്കില്ലെന്നും ഇദ്ദേഹം വിശദീകരിച്ചു.മനുഷ്യക്കടത്തിനും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേയ്ക്കുമാണ് ഈ പണം എത്തുന്നത്.അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.ഇത്തരം ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചു നടത്തുന്ന പണ ഇടപാടുകളിലൂടെ വലിയ കുറ്റകൃത്യത്തിലാണ് ഇവര്‍ ഭാഗമാകുന്നത്.
എ ടി എമ്മിലെ സി സി ടി വിയിലും മുഖങ്ങള്‍ പതിയും. അതിനാല്‍ തെളിവു സഹിതം കേസില്‍ പ്രതിയാകും.
കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുമെന്നും ക്രയാന്‍ പറഞ്ഞു.മാത്രമല്ല,ഇതിലുള്‍പ്പെടുന്നവരുടെ ഭാവി യാത്രകളേയും തൊഴില്‍ സാധ്യതകളെയുമെല്ലാം ഇത് ദോഷകരമായി ബാധിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.