ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താനൊരുങ്ങുകയാണ് ഭരണമുന്നണിയിലെ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍. നാളെ രാത്രിയാണ് നേതാക്കള്‍ ഇതിനായി കൂടിക്കാണുന്നത്. ഒഴിഞ്ഞു പോകുന്നതിന് നോട്ടീസുകള്‍ ലഭിക്കുന്ന വാടകക്കാരുടെ എണ്ണം ഈ മാസമാദ്യം തന്നെ വളരെ വര്‍ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രശ്നത്തില്‍ ഫിന ഫാള്‍ ടി ഡിമാര്‍ ഇടപെട്ടിരുന്നു. താല്‍ക്കാലിക കുടിയൊഴിപ്പിക്കല്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു.
നിശ്ചിത സമയത്തേയ്ക്കും വ്യവസ്ഥകളോടു കൂടിയതുമായി നിരോധനമായിരിക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയെന്നാണ് കരുതുന്നത്.ഡിസംബര്‍ ആദ്യം മുതല്‍ ഫെബ്രുവരി അവസാനം വരെയായിരിക്കും നിരോധനത്തിന് സാധ്യതയുള്ളത്.ഭവനമന്ത്രി ഡാറാ ഒ ബ്രയാന്‍ ഇതു സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയിരുന്നു. അനുകൂലമായ മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്നാണ് കുടിയൊഴിപ്പിക്കല്‍ നിരോധനം പരിഗണിക്കുന്നത്.
വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള മൊറട്ടോറിയത്തിനൊപ്പം ഇതും കൊണ്ടുവരാമെന്ന് നേരത്തേ അഭിപ്രായമുയര്‍ന്നിരുന്നു.എന്നാല്‍ എത്തരത്തിലുള്ള നിരോധനമാണ് ഏര്‍പ്പെടുത്തേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായില്ല.
താല്‍ക്കാലിക നിരോധനമേര്‍പ്പെടുത്തിയാല്‍ വിന്ററില്‍ കുറച്ച് വാടകക്കാര്‍ക്കെങ്കിലും വീടുകള്‍ നഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.വാടക വിപണിയില്‍ നിന്ന് കൂടുതല്‍ വീട്ടുടമസ്ഥര്‍ പുറത്താകുന്നതിനും ഇത് ഇടയാക്കുമെന്നും അടുത്ത വര്‍ഷം ഭവനരഹിതരുടെ എണ്ണം വര്‍ധിക്കുമെന്നും മീഹോള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടിരുന്നു.
കുടിയൊഴിപ്പിക്കല്‍ നിരോധനം ; പ്രതിഷേധവുമായി ഭൂഉടമകള്‍,സ്വത്തവകാശത്തിലുള്ള ഇടപെടലെന്ന് ഐ പി ഒ എ
അയര്‍ലണ്ടില്‍ വാടകക്കാരെ കുടിയൊഴിപ്പിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇതിനെതിരെ പ്രതിഷേധവുമായി ഭൂഉടമകള്‍.കുടിയൊഴിപ്പിക്കല്‍ നിരോധനം ഏര്‍പ്പെടുത്തുന്നത് ഭൂവുടമകളുടെ ഭരണഘടനാപരമായ സ്വത്തവകാശത്തിലുള്ള ഇടപെടലാണെന്ന വാദമാണ് ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ (ഐ പി ഒ എ) മുന്നോട്ടുവെച്ചത്.
വിന്ററില്‍ വാടകക്കാരെ ഇറക്കിവിടുന്നത് ഒഴിവാക്കാന്‍ കഴിയുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന നീതിന്യായ മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കടുപ്പിച്ച നിലപാടുമായി ഐ പി ഒ എ ചെയര്‍പേഴ്സണ്‍ മേരി കോണ്‍വെ രംഗത്തുവന്നത്.കൂടുതല്‍ വീട്ടുടടമകള്‍ വിപണിയില്‍ നിന്ന് പുറത്തുപോകാന്‍ കുടിയൊഴിപ്പിക്കല്‍ നിരോധനം കാരണമാകുമെന്ന് മേരി കോണ്‍വേ പറഞ്ഞു.
ഇപ്പോള്‍ത്തന്നെ ഒട്ടേറെ ഭൂവുടമകള്‍ വിപണി വിടുകയാണ്. പെരുകുന്ന നിയമനിര്‍മ്മാണങ്ങളും അമിത നികുതിയുമൊക്കെയാണ് ഇതിനു കാരണമാകുന്നത്.വാടകക്കാര്‍ക്ക് മതിയായ പരിരക്ഷകള്‍ ഇതിനകം തന്നെ രാജ്യത്ത് നിലവിലുണ്ടെന്നും മേരി കോണ്‍വേ പറഞ്ഞു.
ഭൂവുടമകള്‍ക്ക് അവരുടെ മോര്‍ട്ഗേജുകള്‍ തിരിച്ചടയ്ക്കാനുള്ള സാഹചര്യം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. ഭൂഉടമകളെ സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്ന് മേരി കോണ്‍വേ വ്യക്തമാക്കി.വാടകക്കാര്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്നതു സംബന്ധിച്ച് ഭൂവുടമകളുമായി ചര്‍ച്ച നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.’വാടക തരാതെ വാടകക്കാരെ താമസിപ്പിക്കണമെന്ന് പറയുന്നതില്‍ ന്യായമില്ല’.
കഴിഞ്ഞ വര്‍ഷത്തെ അവസാന പാദത്തെ അപേക്ഷിച്ച് ഈ വര്‍ഷം കുടിയൊപ്പിക്കല്‍ നോട്ടീസുകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അവസാനത്തെ ആറു മാസങ്ങളില്‍ 1,800 നോട്ടീസുകളായിരുന്നു ആര്‍ ടി ബിയില്‍ ലഭിച്ചത്. 2022ന്റെ ആദ്യ പകുതിയില്‍ ഇത് മൂവായിരമായി. കെട്ടിടം വില്‍ക്കുകയാണെന്ന കാരണമാണ് മിക്ക ഭൂവുടമകളും അറിയിച്ചിരുന്നത്.