ബ്രിട്ടൻ: ലിസ് ട്രസിനു മാത്രമല്ല ബ്രിട്ടന്റെ ഭരണ യാഥാസ്ഥിതിക കക്ഷിക്കും പുറത്തേക്കു വഴിയൊരുങ്ങിയ മട്ടാണ്. അധികാരത്തിലേറി ആറാഴ്ച കൊണ്ട് ഇത്രയധികം മണ്ടത്തരങ്ങൾ ചെയ്തു വച്ച ഒരു പ്രധാനമന്ത്രിയില്ല എന്നു വരെ അഭിപ്രായം ഉയർന്നു കഴിഞ്ഞു. അവരെ നേതൃത്വത്തിൽ നിന്നു നീക്കണമെന്നു ആവശ്യമുയർത്തി നൂറോളം ടോറി എം പിമാർ കത്തു നൽകിയപ്പോൾ, ഉടൻ തിരഞ്ഞെടുപ്പ് നടത്തണം എന്ന ആവശ്യം ഉയിർത്തെണീക്കുന്ന ലേബർ പാർട്ടി ഉന്നയിച്ചു കഴിഞ്ഞു.
ഏതു വനിതാ നേതാവിനെയും 'ഉരുക്കു വനിത' എന്നു വിളിക്കുന്ന മാധ്യമങ്ങൾ ആവട്ടെ, 'നനഞ്ഞു പോയ സ്പോഞ്ജ്' എന്നാണ് ഇപ്പോൾ ട്രസിനെ വിളിക്കുന്നത്. പാർട്ടി നേതൃത്വത്തിലേക്കുള്ള കടുത്ത മത്സരത്തിനിടെ നികുതി കുറയ്ക്കും എന്ന ഉറപ്പു മുന്നോട്ടു വച്ച ട്രസ് അതു നടപ്പാക്കിയായതോടെ ബ്രിട്ടീഷ് പൗണ്ട് മൂക്കും കുത്തി വീണതാണ് ചുരുങ്ങിയ കാലയളവിൽ ഉണ്ടായ പ്രതിസന്ധി.
തിരഞ്ഞെടുപ്പു വാഗ്‌ദാനം പാലിക്കാൻ കഴിയുന്നതാണോ എന്ന് ആദ്യം ചിന്തിക്കണം. ചിന്തയില്ലാതെ കൊടുത്ത വാഗ്ദാനം നടപ്പാക്കി നാട് കുളമാക്കിയിട്ടു തെറ്റു പറ്റിപ്പോയി എന്നു പറഞ്ഞിട്ടെന്തു കാര്യം. നടപടി വിവരക്കേടായി എന്ന് ഐ എം എഫ് പറഞ്ഞപ്പോൾ, മറ്റു രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെയും ബാധിച്ചു എന്നു ചൂണ്ടിക്കാട്ടി യുഎസ് പ്രസിഡന്റ് ജോ ബൈഡനും അപലപിച്ചു. ലോകം തന്നെ തള്ളിപ്പറഞ്ഞ നടപടി പിൻവലിക്കുന്നതിനു പകരം ട്രസ് ആദ്യം ചെയ്തത് ധനമന്ത്രി ക്വസ്സി ക്വാർട്ടെങ്ങിനെ പുറത്താക്കുക എന്നതായിരുന്നു.
അദ്ദേഹത്തിനു പകരം നിയമിച്ച പഴയ ടോറി കരുത്തൻ ജെറമി ഹണ്ടുമായി ഞായറാഴ്ച ചെക്കേഴ്സിൽ ചർച്ചയ്ക്കു ഇരിക്കയാണ് ട്രസ്. സ്വന്തം കസേര ഭദ്രമാക്കാൻ ഒരു സാമ്പത്തിക പരിപാടി ആസൂത്രണം ചെയ്യുക എന്നതാണു ലക്‌ഷ്യം. പക്ഷെ അതൊരു അവസാന ശ്രമം മാത്രമാണെന്നു പാർട്ടിയിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. 'അബദ്ധങ്ങളുടെ അമരക്കാരി'ക്ക് എന്തു രക്ഷപെടുത്തലാണ് സാധ്യമാവുക എന്നവർ ചോദിക്കുന്നു.
ലേബർ നേതാവ് കീർ സ്‌റ്റർമർ പാർട്ടിയോടു തിരഞ്ഞെടുപ്പിനു സജ്ജമാവാൻ നിർദേശിച്ചു കഴിഞ്ഞു. ബോറിസ് ജോൺസൻ അഴിമതിയും ആർഭാടവും നുണക്കഥകളും ചുമന്നു ഇറങ്ങിപ്പോയ ശേഷം നടന്ന ടോറി നേതൃത്വ തിരഞ്ഞെടുപ്പു തന്നെ പാർട്ടിയുടെ പാപ്പരത്വം പുറത്തു കൊണ്ടു വന്നിരുന്നു. എംപിമാരുടെ ഭൂരിപക്ഷ പിന്തുണ നേടിയ ഋഷി സുനാക്കിനു പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയപ്പോഴാണ് ലിസ് ട്രസിനു വഴി തെളിഞ്ഞത്. അവർക്കുണ്ടായിരുന്ന ഭൂരിപക്ഷം 14%. മെച്ചപ്പെട്ട സ്ഥാനാർഥി എന്നതിലുപരി കറ തീർന്ന ബ്രിട്ടീഷ് രക്തത്തിന്റെ പരിഗണനയാണ് അവർക്കു ലഭിച്ചതെന്ന ആക്ഷേപം വരെ ഉണ്ടായി. അതെന്തായാലും സുനാക് അവരെക്കാൾ മെച്ചമാകുമായിരുന്നു എന്ന് അതിനർഥമില്ല.
അതായതു ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയും രാഷ്ട്രീയവും അത്രയേറെ ഗുണനിലവാരം നഷ്ടപ്പെട്ടതായി എന്നതാണ് വസ്തുത. പ്രത്യേകിച്ചു ടോറി പാർട്ടിയിൽ. അതു കൊണ്ടാണല്ലോ അടുത്ത കാലത്തു നടന്ന ഉപതെരഞ്ഞെടുപ്പുകളിലെല്ലാം അവർ തോറ്റത്. ഭരണ മാറ്റത്തിനു കാലമായി എന്ന ചിന്ത വോട്ടർമാരിൽ കടന്നു കൂടുമ്പോഴാണ് ഭരണ കക്ഷി സ്വന്തം കോട്ടകളിൽ തോൽക്കേണ്ടി വരുന്നത്.
നികുതി വീണ്ടും വർധിപ്പിക്കും എന്നാണ് ഹണ്ടിന്റെ ഉറപ്പ്. എല്ലാ സർക്കാർ വകുപ്പുകളിലും ചെലവ് കുറയ്ക്കാൻ നടപടി ഉണ്ടാവും. ആരോഗ്യവും പ്രതിരോധവും ഉൾപ്പടെ. ചില നികുതികൾ കൂടും. വിലക്കയറ്റമാണ് ജനങ്ങൾക്കു ജീവിതം അസാധ്യമാക്കുന്ന പ്രശ്നം. നികുതി കുത്തനെ കുറച്ചു അതു പിടിച്ചു നിർത്താൻ നോക്കുക, സംഗതി കുളമായപ്പോൾ വീണ്ടും കൂട്ടുക. എന്തു നഴ്‌സറി സ്കൂൾ രാഷ്ട്രീയം.
ലിസ് ട്രസിനെ നീക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ തുടങ്ങിയെന്നു 'സൺഡേ ടൈംസ്' റിപ്പോർട്ട് ചെയ്തു. അതു തന്നെയാണ് ഞായറാഴ്ച 'ഒബ്‌സർവർ' പത്രവും പറഞ്ഞത്. നേതൃത്വ മത്സരത്തിൽ ആദ്യ റൗണ്ടിൽ തന്നെ തോറ്റ പെനി മൊർഡന്റ്റ് ആണ് വീണ്ടും നിർദേശിക്കപ്പെട്ട ഒരു സ്ഥാനാർഥി. മറ്റൊന്ന് ഋഷി സുനാക്കും. അതിനപ്പുറത്തേക്ക് അവർക്കു നേതാക്കളില്ല.
അങ്ങിനെയൊന്നും ഒരു പാർട്ടിക്കും പിടിച്ചു നില്ക്കാൻ ആവില്ല. ജനാധിപത്യത്തിൽ അതിനുള്ള പരിഹാരം തിരഞ്ഞെടുപ്പാണ്. മറ്റൊരു കക്ഷിക്ക് അധികാരം നൽകാൻ ജനങ്ങൾ തീരുമാനിച്ചാൽ അതു സംഭവിക്കും. അത് കൊണ്ടും രക്ഷ ഉണ്ടാവണം എന്നില്ല. പക്ഷെ അത്തരം പരീക്ഷണങ്ങൾ തന്നെയാണ് ജനാധിപത്യം എന്നു പറയുന്നത്.