ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയനിലാകമാനം ജീവിക്കുന്ന വിദേശ പൗരന്‍മാര്‍ക്ക് റെസിഡന്‍സിയും വര്‍ക്ക് പെര്‍മിറ്റുകളും നേടുന്നതു മുതല്‍ പ്രൊഫഷണല്‍ ക്വാളിഫിക്കേഷന് അംഗീകാരം നേടിയെടുക്കുന്നതു വരെയുള്ള വിവിധ കാര്യങ്ങളില്‍ വലിയ തോതിലുള്ള കടലാസ് ജോലികളെ അതിജീവിക്കേണ്ടി വരുന്നുണ്ട്. ചുവപ്പുനാടകളുടെ സങ്കീര്‍ണത ഏറെയുള്ള ഈ പ്രക്രിയയില്‍ സഹായം ലഭിക്കുന്നത് എങ്ങനെയൊക്കെ എന്നത് പലര്‍ക്കും അജ്ഞാതവുമാണ്.
ഒരു യൂറോപ്യന്‍ രാജ്യത്തുനിന്നു വാങ്ങിയ കാര്‍ മറ്റൊരു രാജ്യത്തേക്കു കൊണ്ടുപോകുക, ഡ്റൈവിങ് ലൈസന്‍സ് മാറ്റിയെടുക്കുക, യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള പങ്കാളിക്ക് വിസ നേടിയെടുക്കുക, സ്വന്തമായി കമ്പനി തുടങ്ങുക തുടങ്ങി പല കാര്യങ്ങളും സോള്‍വിറ്റ് എന്ന പ്രസ്ഥാനം കഴിഞ്ഞ ഇരുപതു വര്‍ഷമായി വിദേശികള്‍ക്കു സഹായം നല്‍കിവരുന്നു.
ഒരു സൗജന്യ ഓണ്‍ലൈന്‍ സേവനമാണ് സോള്‍വിറ്റ്. യൂറോപ്യന്‍ കമ്മീഷന്‍ 2002ല്‍ സ്ഥാപിച്ച സോള്‍വിറ്റ് ശൃംഖലയുടെ സെന്ററുകള്‍ യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ ഉള്‍പ്പെടുന്ന എല്ലാ രാജ്യങ്ങളിലെയും വിദേശികള്‍ക്ക് കടലാസ് ജോലികളില്‍ സഹായം നല്‍കും. സോള്‍വിറ്റിന്റെ വെബ്സൈറ്റിലൂടെ പരാതികള്‍ നല്‍കാനാവും. എല്ലാ രാജ്യങ്ങളിലെയും സോള്‍വിറ്റ് സെന്ററുകളുടെ വിലാസങ്ങളും അതില്‍ ലഭ്യമാണ്.
സോള്‍വിറ്റിന്റെ കേന്ദ്ര ഓഫിസില്‍ പരിശോധിച്ച്, തങ്ങളുടെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അതതു സെന്ററിലെ വിദഗ്ധര്‍ പരാതി പരിഹരിക്കാനായി കൈമാറുക.