ബര്‍ലിന്‍: വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് 2006നും 2021നും ഇടയില്‍ ജര്‍മനിയില്‍ പഠിക്കാനെത്തിയ വിദ്യാര്‍ഥികളില്‍ മുപ്പത്തെട്ട് ശതമാനം പേരും പഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ്യത്ത് തുടര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
റെസിഡന്‍സ് പെര്‍മിറ്റ് മുഖേനയോ ഫാമിലി വിസ മുഖേനയോ ആണ് ഇവര്‍ ഇതു സാധ്യമാക്കിയത്.
2006നും 2021നും ഇടയിലുള്ള കണക്ക് പ്രകാരം യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള 612,000 വിദ്യാര്‍ഥികളാണ് ജര്‍മനിയില്‍ താമസിച്ചത്. പഠന ആവശ്യത്തിനു നല്‍കിയ റെസിഡന്‍സ് പെര്‍മിറ്റുമായി രാജ്യത്ത് തങ്ങിയവരാണിവര്‍. ഇക്കൂട്ടത്തില്‍ 184,000 പേരും രാജ്യത്തെത്തിയത് 2006നും 2011നും ഇടയിലാണെന്നും കണക്കുകളില്‍ കാണാം.
ഇതില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ചൈനയില്‍ നിന്നായിരുന്നു. ഇവരില്‍ 29 ശതമാനം പേര്‍ പത്തു വര്‍ഷത്തിനു ശേഷവും രാജ്യത്ത് തുടരുന്നു. അമേരിക്കന്‍ വിദ്യാര്‍ഥികളില്‍ 14 ശതമാനം പേരും ഇങ്ങനെ തുടര്‍ന്നു. റഷ്യയില്‍നിന്നുള്ളവരില്‍ 47 ശതമാനം വിദ്യാര്‍ഥികളും ജര്‍മനിയില്‍ തുടരാന്‍ തീരുമാനിച്ചവരാണ്. തുര്‍ക്കിയില്‍ നിന്നുള്ളവരില്‍ ഇത് 28 ശതമാനം വരും.
അതേസമയം, നാച്ചുറലൈസേഷന്റെ കാര്യത്തില്‍ മുന്നില്‍ കാമറൂണില്‍നിന്നുള്ള വിദ്യാര്‍ഥികളാണ്, 50 ശതമാനം. ബ്രസീലില്‍നിന്ന് 34 ശതമാനം പേര്‍ നാച്ചുറലൈസ് ചെയ്തപ്പോള്‍ 32 ശതമാനവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മൂന്നാം സ്ഥാനത്താണ്.