ബെല്‍ഫാസ്റ്റ് : ഇന്ത്യയുടെ വൈസ്രോയി ആയിരുന്ന ലൂയിസ് മൗണ്ട് ബാറ്റണ്‍ പ്രഭുവുനെതിരെ ലൈംഗീക പീഡന കേസ്.
11ാം വയസ്സില്‍ മൗണ്ട് ബാറ്റണ്‍ പ്രഭു തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് ആര്‍തര്‍ സ്മിത്ത് എന്നയാളാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കോടതിയില്‍ നിയമ നടപടികള്‍ സ്വീകരിച്ചത്.1979-ല്‍ കൗണ്ടി സ്ലൈഗോയിലെ മുല്ലഗ്മോറില്‍ ഐആര്‍എ നടത്തിയ ബോംബ് സ്ഫോടനത്തില്‍ മൗണ്ട് ബാറ്റണ്‍ പ്രഭു കൊല്ലപ്പെടുന്നതിന് രണ്ട് വര്‍ഷങ്ങള്‍ മുമ്പാണ് പീഡനം നടത്തിയതെന്നാണ് ആരോപണം.
നോര്‍ത്ത് റോഡ് കിന്‍കോറയിലെ ചില്‍ഡ്രന്‍സ് ഹോമില്‍ ആര്‍തര്‍ ചെലവിട്ട വേളകളിലാണ് കൃത്യവിലോപവും നോട്ടക്കുറവും ആരോപിക്കുന്നത്.മൗണ്ട് ബാറ്റണ്‍ പ്രഭുവിനെതിരെയും നോര്‍ത്തിലെ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെയും ഇയാള്‍ കേസ് ഫയല്‍ ചെയ്തു.ഇതാദ്യമായാണ് മൗണ്ട് ബാറ്റണ്‍ പ്രഭുവിനെതിരെ ഒരാള്‍ കോടതിയില്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ആര്‍തര്‍ സ്മിത്ത് ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസിക്കുന്നത്. 1977-ല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു തന്നെ ദുരുപയോഗം ചെയ്തിരുന്നുവെന്നും എന്നാല്‍ പ്രഭുവിന്റെ കൊലപാതകത്തിന് ശേഷമുള്ള വാര്‍ത്തകളില്‍ നിന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് തന്നെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം സണ്‍ഡേ ലൈഫ് ന്യൂസ്പേപ്പറിനോട് പറഞ്ഞു.
എഴുപതുകളുടെ തുടക്കത്തില്‍ ഉയര്‍ന്നുവന്ന ചില് ഡ്രന്‍സ് ഹോമിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ വേണ്ടത്ര അന്വേഷിക്കാത്തതിനാല്‍ പോലീസും നിയമനടപടിയുടെ ഭാഗമാണ്.
ബിസിനസ് സര്‍വീസസ് ഓര്‍ഗനൈസേഷന്‍, ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ട്രസ്റ്റ്, യുകെ സ്റ്റേറ്റ് സെക്രട്ടറി, പി എസ് എന്‍ ഐ ചീഫ് കോണ്‍സ്റ്റബിള്‍, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ വീഴ്ചയും അവഗണനയും ആര്‍തര്‍ സ്മിത്തിന്റെ അഭിഭാഷകര്‍ ആരോപണമുന്നയിക്കുന്നു.
കിന്‍കോറയെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ശിശുപീഡന കേന്ദ്രങ്ങളിലൊന്നായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിലയിരുത്തിയിരുന്നു.1970കളില്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ പോലീസ് അന്വേഷണങ്ങള്‍ എംഐ5 തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.ഈസ്റ്റ് ബെല്‍ഫാസ്റ്റിലെ ഒരു പ്രൊട്ടസ്റ്റന്റ് അര്‍ദ്ധസൈനിക സംഘടനാംഗമായിരുന്നു അന്ന് ഈ സ്ഥാപനം നടത്തിയിരുന്നത്.
രാഷ്ട്രീയക്കാരെയും സ്ഥാപനത്തിലെ പ്രമുഖരെയും ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിനായി കിന്‍കോറയിലെ കുട്ടികളെ ഉള്‍പ്പെടുത്തി എംഐ5ന് ഒരു പീഡോഫൈല്‍ റിംഗ് പ്രവര്‍ത്തിച്ചുവെന്ന ആരോപണം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്.
11 ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് 1981ല്‍ കിന്‍കോറയിലെ മൂന്ന് സീനിയര്‍ കെയര്‍ സ്റ്റാഫുകളെ ജയിലിലടച്ചിരുന്നു. 1960 മുതല്‍ 1980 വരെ നിരവധി കുട്ടികള്‍ ലൈംഗിക ചൂഷണത്തിനിരയായതായും സംശയവും നിലനില്‍ക്കുന്നു.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങളെ സെക്യൂരിറ്റി സര്‍വ്വീസുകള്‍ തടഞ്ഞുവെന്ന് രണ്ട് മുന്‍ മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു.
ഈ ഘട്ടത്തിലും നേരിട്ട് രംഗത്തുവരുവാനുള്ള ആര്‍തറിന്റെ നിശ്ചയദാര്‍ഢ്യത്തെ അംഗീകരിക്കുന്നതായി കെ.ആര്‍ ഡബ്്ള്യുവിന്റെ ഹിസ്റ്റോറിക് അബ്യൂസ് റിഡ്രസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കെവിന്‍ വിന്റേഴ്സ് പറഞ്ഞു.’ദുരുപയോഗത്തിനിരയായവര്‍ പലരും അജ്ഞാതരായി തുടരാനാണ് തീരുമാനിക്കുക. എന്നാല്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്താനുള്ള ആര്‍തറിന്റെ തീരുമാനം അഭനന്ദനീയമാണ്. മനപ്പൂര്‍വ്വം ആരെയെങ്കിലും ഉപദ്രവിക്കുന്നതിനല്ല, മറിച്ച് കുറ്റവാളികളെയും സത്യത്തെ അടിച്ചമര്‍ത്തുന്നതിന് കൂട്ടുനിന്ന സ്ഥാപനങ്ങളെയും മറ്റ് ഏജന്‍സികളെയും തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് ഈ കേസ് ഏറ്റെടുത്തത്’ ഇദ്ദേഹം പറഞ്ഞു.