റഷ്യ: യുക്രൈനുമായുള്ള യുദ്ധത്തിൽ റഷ്യയ്ക്കു 65,000 സൈനികരെങ്കിലും നഷ്ടപ്പെട്ടുവെന്നു യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സിലിൻസ്കി. മൃതദേഹങ്ങൾ സംസ്കരിച്ചു തീരുമ്പോഴേക്കു അത് ഒരു ലക്ഷം കടക്കുമെന്നു അദ്ദേഹം അവകാശപ്പെട്ടു.
ക്രെംലിനിലെ വകതിരിവില്ലാത്ത നേതാക്കൾ മൂലമാണ് ഈ ദുരന്തങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ഖെർസോണിൽ റഷ്യൻ സൈന്യത്തിൽ നിന്നു ഭൂമി പിടിച്ചെടുക്കാൻ എത്തിയ യുക്രൈൻ സൈന്യത്തിനു നേരെ റഷ്യൻ പട്ടാളം കനത്ത ആക്രമണം അഴിച്ചു വിട്ടു. കിഴക്കു ഡോൺസ്കിലും പൊരിഞ്ഞ പോരാട്ടം നടക്കുന്നുണ്ട്.
എന്നാൽ യുക്രൈൻ തിരിച്ചടിച്ചതിനെ തുടർന്ന് റഷ്യൻ പട ഖെർസോണിൽ സർക്കാർ കെട്ടിടങ്ങൾ ഒഴിഞ്ഞു തുടങ്ങിയെന്നു സിലിൻസ്‌കിയുടെ വക്താവ് ഒലക്സാണ്ടർ ഷട്ട്പ്പൻ പറഞ്ഞു. തലസ്‌ഥാനമായ കിയവിൽ തിങ്കളാഴ്ച പുലർച്ചെ റഷ്യ കമികസി ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഇറാൻ നിർമ്മിതമാണ് ഇവയെന്ന് യുക്രൈൻ പറഞ്ഞു. ഒട്ടേറെ കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു.