റഷ്യ: റഷ്യയുടെ യുക്രൈൻ ആക്രമണം 40 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടെന്നു യൂണിസെഫിന്റെ യൂറോപ്പ്-മധ്യേഷ്യ റീജണൽ ഡയറക്ടർ അഫ്‌ഷാൻ ഖാനെ ഉദ്ധരിച്ചു അൽ ജസീറ റിപ്പോർട്ട് ചെയ്തു. യൂറോപ്പ്-മധ്യേഷ്യ മേഖലയിലെ 22 രാജ്യങ്ങളിലാണ് ഇതു സംഭവിച്ചിട്ടുള്ളത്. എന്നാൽ റഷ്യയിലെയും യുക്രൈനിലേയും കുട്ടികളാണ് ഏറ്റവുമധികം ഇരകളായത്.
"കുട്ടികളാണ് യുദ്ധം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ ദുരിതങ്ങൾ അനുഭവിക്കുന്നത്," യൂണിസെഫ് പറഞ്ഞു.
റൊമാനിയയിൽ 110,000 കുട്ടികൾ ദാരിദ്ര്യത്തിലാണ്.
"ഈ യുദ്ധത്തിന്റെ ഭീകരമായ കെടുതികൾ മേഖലയിലെ കുട്ടികളെ മുഴുവൻ ബാധിച്ചു," ഖാൻ പറഞ്ഞു. 4,500 കുട്ടികൾ ഒരു വയസാവും മുൻപ് മരിക്കുമെന്നും 117,000 കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാതെ വരുമെന്നും യൂണിസെഫ് ഭയപ്പെടുന്നു.
യുദ്ധത്തിൽ 1,000 ആൺകുട്ടികളും പെൺകുട്ടികളും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. ദിവസം തോറും ശരാശരി അഞ്ചു കുട്ടികൾ മരിക്കുന്നു; അല്ലെങ്കിൽ പരുക്കേൽക്കുന്നു. യുക്രൈനിൽ യുദ്ധത്തിൽ നിന്നു പലായനം ചെയ്യുന്ന കുടുംബങ്ങളിലെ കുട്ടികളെ കാണാത്തവർ ഏറെ സാധ്യതയുണ്ട്. അവർ മനുഷ്യക്കടത്തിനും ലൈംഗിക അക്രമങ്ങൾക്കും പീഡനത്തിനും ഇരയാവാം. രാജ്യത്തു 10% സ്കൂളുകളും നശിച്ചു പോയി.