ബര്‍ലിന്‍: ഘട്ടംഘട്ടമായി ആണവോര്‍ജ നിര്‍മാര്‍ജനം നടപ്പാക്കി വരുന്ന ജര്‍മനിയില്‍ ഇപ്പോള്‍ പ്രവര്‍ത്തനസജ്ജമായി തുടരുന്നത് മൂന്നേമൂന്ന് ആണവ നിലയങ്ങള്‍ മാത്രം. ഫെഡറല്‍ ഗവണ്‍മെന്റിന്റെ മുന്‍തീരുമാനമനുസരിച്ച്, ഈ വര്‍ഷം അവസാനത്തോടെ ഇവയും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടതാണ്. എന്നാല്‍, ഈ മൂന്ന് പ്ളാന്റുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് അടുത്ത വര്‍ഷം ഏപ്രില്‍ വരെ നീട്ടാനാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ പുതിയ ഉത്തരവ്.
യുക്രെയ്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഉടലെടുത്ത രൂക്ഷമായ ഊര്‍ജ പ്രതിസന്ധി കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം. റഷ്യയ്ക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയെങ്കിലും ഇന്ധനം വാങ്ങുന്നത് നിര്‍ത്തിയിരുന്നില്ല. എന്നാല്‍, റഷ്യ സ്വന്തം നിലയ്ക്ക് ഇന്ധന വിതരണം വെട്ടിക്കുറച്ചതോടെ യൂറോപ്പ് കടുത്ത പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു. റഷ്യയില്‍നിന്ന് യൂറോപ്പിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുന്ന കടല്‍ പൈപ്പ്ലൈനിലെ തകരാറുകള്‍ പരിഹരിക്കപ്പെടാതെ തുടരുന്നതും പ്രസിസന്ധി രൂക്ഷമാക്കുന്നു.
ശീതകാലം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍, അടിയന്തര നടപടികളില്ലെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലാകും എന്ന അവസ്ഥയിലാണ് ഇസാര്‍ 2, നെക്കാര്‍വെസ്ററ്ഹീം 2, എംസ്ളാന്‍ഡ് എന്നീ ആണവോര്‍ജ പ്ളാന്റുകളുടെ ആയുസ് നീട്ടിക്കൊടുക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആണവോര്‍ജത്തോട് എതിര്‍പ്പ് പുലര്‍ത്തുന്ന ഗ്രീന്‍ പാര്‍ട്ടിയും ആദ്യ രണ്ടു പ്ളാന്റുകള്‍ നിലനിര്‍ത്താനുള്ള തീരുമാനത്തോട് യോയിച്ചിരുന്നു. മൂന്നാമത്തെ പ്ളാന്റ് കൂടി വേണമെന്ന ആവശ്യം എഫ്ഡിപിയുടേതായിരുന്നു. തുടര്‍ന്നു നടത്തിയ ബഹുകക്ഷി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്ളാന്റുകളും തത്കാലത്തേക്ക് നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്.