ലണ്ടന്‍: അധികാരമേറ്റ ആദ്യ ആഴ്ചകളില്‍ത്തന്നെ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ മാപ്പുപറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ്.
മിനി ബജറ്റിലൂടെ നല്‍കിയ നികുതിയിളവുകളുടെ പേരില്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയ ലിസ് ട്രസ് പകരം ജെറമി ഹണ്ടിനെ ചാന്‍സലറായി നിയമിച്ചിരുന്നു. ക്വാര്‍ട്ടെങ് പ്രഖ്യാപിച്ച ഇളവുകളെല്ലാം പിന്‍വലിക്കുകയാണ് ഹണ്ട് ആദ്യം ചെയ്തത്. ഇതിനു ശേഷം ആദ്യമായാണ് ട്രസ് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
തെറ്റുകള്‍ പറ്റിയെങ്കിലും താന്‍ തോറ്റോടില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിലും താന്‍ തന്നെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ നയിക്കുമെന്നും അവര്‍ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ വീണ്ടും വിമത നീക്കം ശക്തമാകുകയും, പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ലിസിനോടു തോറ്റ മുന്‍ ചാന്‍സലര്‍ ഋഷി സുനാകിനെ തിരിച്ചെത്തിക്കണമെന്ന ആവശ്യം ശക്തമായിത്തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രസിന്റെ മാപ്പപേക്ഷ.
തെറ്റുകള്‍ സംഭവിച്ചെങ്കിലും ഇപ്പോള്‍ അതെല്ലാം പരിഹരിച്ചുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. സ്ഥാനമൊഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തമായ സന്ദേശവും എതിരാളികള്‍ക്കു നല്‍കുന്നു.