ഡബ്ലിന്‍ : അയര്‍ലണ്ടിലുടനീളം ശക്തമാകുന്ന മഴ ജനജീവിതത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.കൗണ്ടി കോര്‍ക്കിലും കെറിയിലും ഇന്നലെ മുതല്‍ തുടരുന്ന മഴ ഇന്ന് കൂടുതല്‍ ശക്തമായേക്കും. അതിശക്തമായ മഴയില്‍ വെസ്റ്റ് കോര്‍ക്കിലെ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും ഗതാഗത തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡബ്ലിനില്‍ ഇന്ന് രാവിലെ മുതല്‍ മഴ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്.ഇന്ന് പുലര്‍ച്ചെ 4 മുതല്‍ ഇന്ന് അര്‍ദ്ധരാത്രി വരെ യെല്ലോ സ്റ്റാറ്റസ് കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുണ്ട്, വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ കനത്ത മഴയുണ്ടാകും. അടുത്ത ആഴ്ചയുടെ ആദ്യ ദിവസങ്ങളിലും മഴ തുടരും
ഇതുവരെ പെയ്യാത്തത്ര തീവ്രതയിലാണ് കോര്‍ക്കില്‍ മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.രാജ്യത്തുടനീളം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുമുണ്ട്.
കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ്, വിക്ലോ എന്നിവിടങ്ങളില്‍ സ്റ്റാറ്റസ് ഓറഞ്ച് മഴ മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്, ഇന്ന് രാത്രിയും പകലും ഓറഞ്ച് സ്റ്റാറ്റസ് തുടരും.
അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ ലിന്‍ഡ ഹ്യൂസ് പറഞ്ഞു. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദം രാജ്യത്തുടനീളം വടക്ക്-കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതോടെ മഴ ശക്തമാകും.
കാര്‍ലോ, കില്‍കെന്നി, ടിപ്പററി എന്നിവിടങ്ങളില്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.
കാവന്‍, മോണഗന്‍, ഡബ്ലിന്‍, കില്‍ഡെയര്‍, ലൗത്ത്, മീത്ത് എന്നിവിടങ്ങളില്‍ പ്രത്യേക സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.