ഡബ്ലിന്‍: അയര്‍ലണ്ടിലെ മോര്‍ട്ട് ഗേജ് ലെന്‍ഡിംഗ് നിയമങ്ങളില്‍ ഇളവ് വരുത്താനുള്ള നിര്‍ദേശങ്ങളുമായി ഐറിഷ് സെന്‍ട്രല്‍ ബാങ്ക്.
കൂടുതല്‍ പേരെ വീടുകള്‍ വാങ്ങാനും,അത് വഴി ഭവന പ്രതിസന്ധിയില്‍ ഇളവ് വരുത്തുവാനുള്ള സമീപനങ്ങള്‍ക്ക് അനുക്രമമായുള്ള നടപടികള്‍ക്കാണ് സെന്ട്രല്‍ ബാങ്ക് ഇത് വഴി ഉദ്ദേശിക്കുന്നത്. വിദഗ്ദ ധനകാര്യ സംഘത്തിന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള റിപ്പോര്‍ട്ട് ഇന്ന് ഔദ്യോഗികമായി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിടുമെങ്കിലും ,എന്ന് മുതല്‍ പദ്ധതി നടപ്പാക്കും എന്നതിനെകുറിച്ച് സൂചനകള്‍ പുറത്തുവന്നിട്ടില്ല.സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഗബ്രിയേല്‍ മഖ്ലൂഫ് ഇന്ന് പ്രഖ്യാപിക്കുന്ന മോര്‍ട്ട്ഗേജ് ലോണ്‍ നിയമങ്ങളില്‍ പരിമിതമായ മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ ഇടയുള്ളൂ. പണപ്പെരുപ്പ പ്രതിസന്ധിക്കിടയില്‍ വലിയ പരിഷ്‌കാരങ്ങളൊന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.
നിലവില്‍ വരുമാനത്തിന്റെ മൂന്നര ഇരട്ടി വരെയാണ് വായ്പാ പരിധിയെങ്കില്‍ ഇനിയത് നാലിരട്ടി വരെ വായ്പയായി നല്‍കാനായുള്ള ശുപാര്‍ശയാണ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും പ്രധാനമായും ഉണ്ടായേക്കുക.
ഡിപ്പോസിറ്റുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങളിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.ആദ്യമായി വാങ്ങുന്നവര്‍ക്ക് വസ്തുവിന്റെ മൂല്യത്തിന്റെ 10% എങ്കിലും നിക്ഷേപം ഉണ്ടായിരിക്കണം, രണ്ടാം തവണയും തുടര്‍ന്നുള്ള വാങ്ങുന്നവര്‍ക്കും 20% ഉണ്ടായിരിക്കണം.
ബൈ-ടു-ലെറ്റ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ക്ക് 30% നിക്ഷേപം ഉണ്ടായിരിക്കണം.
മുന്‍കരുതല്‍ തകര്‍ച്ച ഉണ്ടാവാതിരിക്കാന്‍
മോര്‍ട്ട് ഗേജ് എടുക്കുന്നവര്‍ക്ക് അവരുടെ തിരിച്ചടവ് നിറവേറ്റാന്‍ കഴിയുമെന്നും പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ഏത് പ്രതിസന്ധിയിലും സുസ്ഥിരമാക്കാനും ഉദ്ദേശിച്ചു കൊണ്ട് 2015 മുതല്‍ സെന്‍ട്രല്‍ ബാങ്ക് കൃത്യമായ പഠനം നടത്തി ആയതിന്റെ അടിസ്ഥാനത്തിലാണ് അയര്‍ലണ്ടിലെ ഭവന വില സംവിധാനം നില നിര്‍ത്തുന്നത്.2008 ന് ശേഷം ഉണ്ടായത് പോലെ ഒരു തകര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള ഒരു മാനേജ്‌മെന്റാണിത്.
സെന്‍ട്രല്‍ ബാങ്ക് വര്‍ഷം തോറും നിയമങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ പുനര്‍ക്രമീകരണം നടത്തുകയും ചെയ്യുന്നു.
കുറഞ്ഞ വരുമാനക്കാര്‍ക്ക് കൂടുതല്‍ വായ്പയ്ക്കായും വാദം
60,000 യൂറോയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് വരുമാനത്തിന്റെ 4.5 ഇരട്ടി വരെ വായ്പ ലഭിക്കണമെന്നതാണ് കണ്‍സള്‍ട്ടേഷന്‍ പ്രക്രിയയുടെ ഭാഗമായി മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളിലൊന്നെന്ന് സെന്‍ട്രല്‍ ബാങ്ക് കഴിഞ്ഞ ഡിസംബറില്‍ സൂചിപ്പിച്ചിരുന്നു,എന്നാല്‍ ഇന്നത്തെ പ്രഖ്യാപനത്തില്‍ അത് ഉള്‍പ്പെടുമോ എന്നത് സംബന്ധിച്ച് സൂചനകളൊന്നുമില്ല.
മോര്‍ട്ട് ഗേജ് പലിശ വര്‍ദ്ധനവും , പണലഭ്യതയും
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് (ഇസിബി) ജൂലായ് മുതല്‍ പ്രധാന നിരക്കുകള്‍ 1.25 ശതമാനം വരെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഐസിഎസും ഫിനാന്‍സ് അയര്‍ലന്‍ഡും മറ്റൊരു ബാങ്ക് ഇതര ബാങ്കായ അവന്റ് മണിയും ചില മോര്‍ട്ട്‌ഗേജ് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍, എഐബിയും കഴിഞ്ഞ ആഴ്ച മുതല്‍ പുതിയ ഫിക്‌സഡ് റേറ്റ് ലോണുകളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു.മോര്‍ട്ട് ഗേജ് വിപണിയില്‍ പലിശ വര്‍ദ്ധനവിനെ തുടര്‍ന്ന് രൂപപ്പെട്ടേക്കാവുന്ന പ്രതിസന്ധിയെ നേരിടാന്‍ കൂടിയാണ് അടിയന്തരമായി സെന്‍ട്രല്‍ ബാങ്ക് നയങ്ങളില്‍ മാറ്റം വരുത്തുന്നത്.
പണപ്പെരുപ്പത്തിന്റെയും ,വിലകയറ്റത്തിന്റെയും ഭീഷണി നേരിടാന്‍ വര്‍ദ്ധിപ്പിച്ച പലിശ നിരക്കിനെ ഭയപ്പെട്ട് വിപണി വിട്ടുപോകുന്നവരെ പിടിച്ചു നിര്‍ത്താനുള്ള ‘അയര്‍ലണ്ടിലെ ഹൗസിംഗ് സിഡിക്കേറ്റിന്റെ തന്ത്രമാണ് സെന്‍ട്രല്‍ ബാങ്ക് വഴി ഇന്ന് പുറത്തുവിടാന്‍ പോകുന്നതെന്ന് ചില ഹൗസിങ് ചാരിറ്റികള്‍ ആക്ഷേപം ഉയര്‍ത്തി കഴിഞ്ഞു. വില വര്‍ദ്ധനവിനിടയിലും വീട് വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി ഉയരുന്നുമുണ്ട്.