ലണ്ടന്‍: ലിസ് ട്രസ് നയിക്കുന്ന പുതിയ ബ്രിട്ടീഷ് മന്ത്രിസഭയിലെ കസേരകളുടെ ഇളക്കം തുടരുന്നു. ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി സുയെല്ല ബ്രവര്‍മാനാണ് ഏറ്റവും പുതിയതായി രാജിവച്ചിരിക്കുന്നത്. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ്ങിനെ പ്രധാനമന്ത്രി നേരത്തെ പുറത്താക്കിയിരുന്നു.
ഇ മെയില്‍ വിവാദത്തിന്റെ പേരിലാണ് സുയെല്ലയുടെ കസേര തെറിച്ചത്. പാര്‍ലമെന്‍റിലെ സഹപ്രവര്‍ത്തകന് ഔദ്യോഗിക രേഖ അയക്കാന്‍ തന്റെ സ്വകാര്യ ഇമെയ്ല്‍ ഉപയോഗിച്ചതാണ് വിവാദം. ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ ഇമെയ്ല്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ ചട്ടത്തിന് എതിരാണ്.
തനിക്ക് പിഴവ് സംഭവിച്ചെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും രാജിക്കത്തില്‍ സുയെല്ല വ്യക്തമാക്കി. സംഭവം പ്രധാനമന്ത്രി ലിസ് ട്രസിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് സുയെല്ല സ്ഥാനമൊഴിഞ്ഞത്. പകരം മുന്‍ ഗതാഗത മന്ത്രി ഗ്രാന്‍റ് ഷാപ്സിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ അറ്റോര്‍ണി ജനറലായിരുന്നു സുയെല്ല. ഫേര്‍ഹാം മണ്ഡലത്തില്‍ നിന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ച് ജയിച്ചത്. ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി പദത്തിലെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വംശജയായിരുന്നു സുയെല്ല. പ്രീതി പട്ടേലാണ് ആദ്യത്തെയാള്‍.
സുയെല്ലയുടെ പിതാവ് ഗോവന്‍ സ്വദേശിയായ ക്രിസ്ററി ഫെര്‍ണാണ്ടസും മാതാവ് തമിഴ്നാട് സ്വദേശിയായ ഉമയുമാണ്. 1960കളിലാണ് മാതാപിതാക്കള്‍ക്കൊപ്പം ഉമ ബ്രിട്ടനിലേക്ക് കുടിയേറിയത്. പിതാവ് കെനിയയില്‍ നിന്നാണ് ബ്രിട്ടനിലെത്തിയത്.
കേംബ്രിജ് യൂനിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം നേടിയ സുയെല്ല സഹപാഠിയായ റെയല്‍ ബ്രവര്‍മാനെ 2018ല്‍ വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. ബുദ്ധമത വിശ്വാസിയായ സുയെല്ല ബ്രിട്ടനിലെ ബുദ്ധമത കേന്ദ്രങ്ങളിലെ സ്ഥിരം സന്ദര്‍ശകയുമാണ്.