ബ്രിട്ടൻ: ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം അധികാരത്തിൽ ഇരുന്ന പ്രധാനമന്ത്രിയായി ലിസ് ട്രസ്. 44 ദിവസം കൊണ്ടു നാടിനെ കടുത്ത പ്രതിസന്ധിയിലാക്കിയ അവർ വ്യാഴാഴ്ച രാജി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞു: "യാഥാസ്ഥിതിക കക്ഷി എന്നെ ഏല്പിച്ച ദൗത്യം നിറവേറ്റാൻ എനിക്കാവില്ലെന്നു ബോധ്യപ്പെട്ടു. അതിനാൽ ഞാൻ രാജി വയ്ക്കുന്നു."
സെപ്റ്റംബറിൽ ബോറിസ് ജോൺസൻ രാജി വച്ചപ്പോൾ ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ തോൽപിച്ചാണ് ട്രസ് യാഥാസ്ഥിതിക (ടോറി) നേതാവായത്. ടോറി നേതാവ് ജോർജ് കാനിംഗ് 1827 ൽ മരിച്ചത് 118 ദിവസം ഭരിച്ച ശേഷമാണ്. ലിസ് ട്രസ് അത്രയും ദിവസങ്ങൾ എത്താൻ 2023 ജനുവരി 3 വരെ പോകണമായിരുന്നു.
പ്രതിപക്ഷ ലേബർ പാർട്ടി തിരഞ്ഞെടുപ്പിന് ആവശ്യം ഉന്നയിച്ചപ്പോൾ ടോറികൾ പുതിയ നേതാവിനെ കണ്ടെത്താൻ നീക്കം തുടങ്ങി. സാധാരണ ഗതിയിൽ രണ്ടു മൂന്നു മാസം നീളുന്ന തിരഞ്ഞെടുപ്പ് പ്രക്രിയ ചുരുക്കാനാണ് ആലോചന. ഒരാഴ്ചയ്ക്കകം തിരഞ്ഞെടുപ്പ് നടക്കുമെന്നു ട്രസ് രാജി പ്രഖ്യാപിക്കുമ്പോൾ പറഞ്ഞു. പാർട്ടി അംഗങ്ങൾക്കിടയിലുള്ള വോട്ടെടുപ്പ് ഒഴിവാക്കി 357 എം പിമാരുടെ തീരുമാനത്തിനു വിടാനാണ് സാധ്യത.
എം പിമാർ മാത്രം പങ്കെടുത്ത ആദ്യ റൗണ്ടിൽ ട്രസിനെ സുനാക്ക് പിന്തള്ളിയിരുന്നു. എന്നാൽ പാർട്ടി അംഗങ്ങളുട വോട്ട് അവർ നേടി. വാതുവയ്‌പുകാർ ഇപ്പോൾ ഒന്നാം സ്ഥാനം നൽകുന്നത് സുനാക്കിനാണ്. മുൻ മന്ത്രി പെനി മോർഡന്റും പ്രതിരോധ സെക്രട്ടറി ബെൻ വാലസും പിന്നിലുണ്ട്.
പാർട്ടി അംഗങ്ങളെ ഒഴിവാക്കാൻ ആവില്ലെന്നു ടോറി നേതാവ് ഗ്രഹാം ബ്രാഡി പറഞ്ഞു. എന്നാൽ ഒരൊറ്റ സ്ഥാനാർഥിക്കു പിന്നിൽ എംപിമാർ ഒന്നിച്ചാൽ അതിന്റെ ആവശ്യം വരില്ല. രാജിക്കാര്യം ചാൾസ് മൂന്നാമൻ രാജാവിനെ അറിയിച്ചതായി ലിസ് ട്രസ് പറഞ്ഞു. എലിസബത്ത് രാജ്ഞി അവസാനമായി നിയമിച്ച പ്രധാനമന്ത്രി ആയിരുന്നു ട്രസ്. കടുത്ത ആഭ്യന്തര-അന്താരാഷ്ട്ര പ്രതിസന്ധികളുടെ നടുവിലാണ് താൻ അധികാരമേറ്റതെന്നു ട്രസ് പറഞ്ഞു. പിൻഗാമിയെ തിരഞ്ഞെടുക്കും വരെ തുടരും.
ഇന്ത്യൻ വംശജയായ ആഭ്യന്തര മന്ത്രി സുവെല്ല ബ്രെവെർമാന്റെ രാജിയും അവർ ട്രസിനെതിരെ നടത്തിയ വിമർശനവും രാജിയിലേക്കു നയിച്ച ഒരു ഘടകമാണ്. ചെറിയൊരു തെറ്റിനു തന്റെ രാജി ചോദിച്ച ട്രസ് സ്വന്തം തെറ്റു സമ്മതിച്ചിട്ടും എന്തേ രാജി വച്ചില്ല എന്നു ബ്രെവെർമാൻ വ്യാഴാഴ്ച ചോദിച്ചു. ആരും കണ്ടില്ല എന്ന മട്ടിൽ മായികമായ നേട്ടം കൈവരുമെന്ന ആശയിൽ അവർ പിടിച്ചിരിപ്പാണെന്നു ബ്രെവെർമാൻ പറഞ്ഞു.
കുറഞ്ഞ നികുതിയും വളർച്ചയ്ക്കുള്ള നടപടികളും ഉറപ്പു നൽകിയാണ് ട്രസ് വോട്ട് ചോദിച്ചത്. എന്നാൽ നികുതി കുറച്ചപ്പോൾ പൗണ്ട് കുത്തനെ വീണു. ധനമന്ത്രിയെ പറഞ്ഞുവിട്ടാണ് ട്രസ് പിടിച്ചു നില്ക്കാൻ നോക്കിയത്. പുതിയ ധനമന്ത്രി ജെറെമി ഹണ്ട് ആ നയമൊക്കെ പൊളിച്ചെഴുതി. നേതൃത്വം തേടുന്ന പ്രമുഖരിൽ അദ്ദേഹവും ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
"ആർക്കും ശരിയായ മാർഗങ്ങൾ അറിയില്ല," ടോറി എം പി: സൈമൺ ഹോറെ ബി ബി സിയോട് പറഞ്ഞു. "എല്ലാ ദിവസവും ഒരു യുദ്ധമാണ്."