ലണ്ടന്‍: ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന സമയത്ത് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസിനു പിഴച്ചത് നികുതി പരിഷ്കാരങ്ങളുടെ കാര്യത്തില്‍.
ഏറെ പ്രതീക്ഷയോടെ പ്രഖ്യാപിച്ച പരിഷ്കാരങ്ങളില്‍ ഏറെയും അശാസ്ത്രീയമായിരുന്നു എന്നു തിരിച്ചറിയാന്‍ വലിയ താമസം വന്നില്ല. ഇതോടെ അവര്‍ക്കു പാര്‍ട്ടിക്കുള്ളില്‍ തന്നെ പിന്തുണ നഷ്ടമാകുന്ന അവസ്ഥയാണ് സംജാതമായത്.
നികുതിയിളവുകളും സബ്സിഡികളും പ്രഖ്യാപിച്ച് ജനപിന്തുണ വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇതും തിരിച്ചടിയാകുകയാണ് ചെയ്തത്. ഇളവുകള്‍ പ്രഖ്യാപിച്ച ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെങ്ങിനെ പുറത്താക്കിയിട്ടും ലിസിന് സ്വന്തം കസേര സംരക്ഷിക്കാന്‍ കഴിഞ്ഞില്ല.
ക്വാര്‍ടെങ് അവതരിപ്പിച്ച മിനി ബജറ്റ് ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. പൗണ്ടിന്റെ മൂല്യം ഇടിയാനും വിലക്കയറ്റം രൂക്ഷമാകാനും ഇതിടയാക്കി. ക്വാര്‍ട്ടെങ്ങിനു പകരം ചാന്‍സലറായ ജെറമി ഹണ്ട് ആദ്യം ചെയ്തത് തന്റെ മുന്‍ഗാമി പ്രഖ്യാപിച്ച നികുതി ഇളവുകള്‍ റദ്ദാക്കുകയായിരുന്നു.
ആഫ്രിക്കന്‍ വംശജനായ ക്വാര്‍ട്ടെങ്ങിനു പിന്നാലെ ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി സുയെല്ല ബ്രേവര്‍മാനും ലിസിന്റെ ക്യാബിനറ്റില്‍നിന്നു പുറത്തായിരുന്നു. പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ സ്വകാര്യ മെയിലില്‍നിന്ന് മുതിര്‍ന്ന എം.പിക്ക് അയച്ചത് വിവാദമായതിനെത്തുടര്‍ന്നായിരുന്നു സുയെല്ലയുടെ രാജി. തെറ്റു പറ്റിയെന്നു സ്വയം സമ്മതിച്ച് സ്ഥാനമൊഴിയുന്നതാണു നല്ലത് എന്ന് ലിസിനു നല്‍കിയ സന്ദേശമായിരുന്നു സുയെല്ലയുടെ രാജി എന്നാണ് ഇപ്പോള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ് വിച്ച് വെന്‍ഡി മോര്‍ട്ടനും ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രെയ്ഗ് വിറ്റ്കറും രാജിക്ക് തുനിഞ്ഞെങ്കിലും ലിസ് ട്രസ് അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നു. അത്രയെളുപ്പം കീഴടങ്ങുന്നയാളല്ല താനെന്ന് ബുധനാഴ്ച പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, വിമത പക്ഷത്തിന് കൂടുതല്‍ പിന്തുണ നേടാന്‍ കഴിഞ്ഞതോടെ ലിസിനു മുന്നില്‍ രാജിയല്ലാതെ വഴിയില്ലാതാവുകയായിരുന്നു.