മുംബൈ: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു പിന്നാലെ ഗൂഗ്ളിന് ഇന്ത്യയിലും വന്‍തുക പിഴ ചുമത്തി. 1,337.76 കോടി രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അമേരിക്കന്‍ ടെക് ഭീമന് ചുമത്തിയിരിക്കുന്ന പിഴ.
വാണിജ്യ താല്‍പര്യം മുന്‍നിര്‍ത്തി ആന്‍ഡ്രോയിഡ് ലോകത്ത് ആധിപത്യം ദുരുപയോഗം ചെയ്തു എന്നാണ് ഗൂഗ്ളിനെതിരേ തെളിയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ആന്‍ഡ്രോയ്ഡ് അധിഷ്ഠിതമായ മൊബൈലുകളില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് സമാനമായ ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായി കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തി. ആന്‍ഡ്രോയഡ് സ്മാര്‍ട്ട്ഫോണുകളില്‍ തങ്ങളുടെ സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ അടിച്ചേല്‍പ്പിക്കുന്നതു വഴി സെര്‍ച്ച് രീതിയിലെ അപ്രമാദിത്വം നിലനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.
ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ക്ക് സാമ്പത്തികമായ ഓഫറുകള്‍ നല്‍കരുതെന്നും അത്തരം ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും ഗൂഗിളിന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.